കൊളംബിയയ്ക്ക് ആദ്യ ഇടതു പ്രസിഡന്റ്
Tuesday, June 21, 2022 12:00 AM IST
ബൊഗോട്ട: കൊളംബിയയ്ക്ക് ആദ്യ ഇടതുപക്ഷ പ്രസിഡന്റ്. മുൻ വിമത നേതാവ് ഗുസ്താവോ പെട്രോയാണു രാജ്യത്തെ ആദ്യ ഇടതു പ്രസിഡന്റ് പദവിയിലെത്തുന്നത്.
തെരഞ്ഞെടുപ്പിൽ റിയൽ എസ്റ്റേറ്റ് വ്യവസായി റൊഡോൾഫോ ഹെർണാണ്ടസിനെ പെട്രോ പരാജയപ്പെടുത്തി. പെട്രോ 50.48 ശതമാനം വോട്ട് നേടിയപ്പോൾ റൊഡോൾഫോ 47.26 ശതമാനത്തിലൊതുങ്ങി. പെട്രോ ഇതു മൂന്നാം തവണയാണു പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്നത്.
അസമത്വം, വിലക്കയറ്റം, അക്രമങ്ങൾ എന്നീ വിഷയങ്ങളുയർത്തിയാണു പെട്രോ തെരഞ്ഞെടുപ്പിനെ നേരിട്ടത്. കഴിഞ്ഞ മാസം നടന്ന ആദ്യ റൗണ്ട് തെരഞ്ഞെടുപ്പിൽ ദീർഘകാലമായി രാജ്യം ഭരിച്ച വലതുപക്ഷ ചായ്വുള്ള രാഷ്ട്രീക്കാരെ ജനം പരാജയപ്പെടുത്തിയിരുന്നു. ഇതോടെയാണു പുറത്തുനിന്നുള്ള രണ്ടുപേർ തമ്മിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്.
ഇപ്പോൾ സജീവമല്ലാത്ത എം-19 എന്ന വിമത സംഘടനയിൽ അംഗമായിരുന്നു പെട്രോ. ഇതിന്റെ പേരിൽ ജയിലായിരുന്നെങ്കിലും പിന്നീട് പൊതുമാപ്പിന്റെ ആനുകൂല്യം നേടി പുറത്തിറങ്ങി. വിജയത്തിനുശേഷം ജനങ്ങളെ അഭിസംബോധന ചെയ്ത പെട്രോ, തന്റെ കടുത്ത വിമർശകരായ പ്രതിപക്ഷ നേതാക്കളെ ഉൾപ്പെടെ പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്കു ക്ഷണിച്ചു.
ഇടതുപക്ഷ പ്രസിഡന്റിനെ കൂടാതെ കൊളംബിയയ്ക്കു കറുത്ത വർഗക്കാരിയായ ആദ്യ വൈസ് പ്രസിഡന്റിനെയും ലഭിച്ചിട്ടുണ്ട്. അഭിഭാഷകയും പരിസ്ഥിതി പ്രവർത്തകയുമായ നാൽപ്പതുകാരി ഫ്രാൻഷ്യ മാർക്വസാണു വൈസ് പ്രസിഡന്റ് പദവിയിലെത്തുക. അനധികൃത ഖനനത്തിനെതിരേ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ച മാർക്വസിനുനേരേ 2019ൽ ഗ്രനേഡ് ആക്രമണമുണ്ടായിരുന്നു.