സൂചിക്ക് ഏകാന്തതടവ്
Thursday, June 23, 2022 11:59 PM IST
യാങ്കോൺ: മ്യാൻമറിലെ ജനാധിപത്യ നേതാവ് ആംഗ് സാൻ സൂചിയെ പട്ടാള ഭരണകൂടം വീട്ടുതടങ്കലിൽനിന്ന് ഏകാന്തതടവിലേക്കു മാറ്റി. കഴിഞ്ഞവർഷം ഫെബ്രുവരി ആദ്യം പട്ടാളം അട്ടിമറി നടത്തി ഭരണം പിടിച്ചതിനു പിന്നാലെ അറസ്റ്റിലായ സൂചിയെ തലസ്ഥാനമായ നായ്പിഡോയിലെ ജയിലിലേക്കാണു മാറ്റിയിരിക്കുന്നത്.
അഴിമതി അടക്കമുള്ള കുറ്റങ്ങൾ ചുമത്തപ്പെട്ടിരിക്കുന്ന സൂചിയെ ജയിലിനുള്ളിൽ കോടതി രൂപീകരിച്ച് വിചാരണ ചെയ്യുമെന്നാണു റിപ്പോർട്ട്. പൊതുജനത്തിനും മാധ്യമങ്ങൾക്കും വിചാരണയിൽ പങ്കെടുക്കാൻ അനുമതിയുണ്ടാവില്ല. സൂചിയുടെ അഭിഭാഷകർ മാധ്യമങ്ങളോടു സംസാരിക്കുന്നതും വിലക്കി. പട്ടാളത്തിന്റെ നടപടിയെ മനുഷ്യാവകാശ സംഘടനകൾ അപലപിച്ചു.
സമാധാന നൊബേൽ നേതാവായ സൂചിക്കു മ്യാൻമറിൽ ഇപ്പോഴും ശക്തമായ ജനപിന്തുണയുണ്ട്. അവരുടെ പാർട്ടി തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയതിനു പിന്നാലെയാണു പട്ടാളം ഭരണം പിടിച്ചെടുത്തത്. അറസ്റ്റിലായ സൂചിയുടെ വാസസ്ഥലം വെളിപ്പെടുത്താൻ പട്ടാളം തയാറായിരുന്നില്ല. പട്ടാളത്തിനെതിരേ പ്രവർത്തിച്ചു, കോവിഡ് ചട്ടം ലംഘിച്ചു തുടങ്ങിയ കുറ്റങ്ങൾ ചുമത്തി നേരത്തേ 11 വർഷത്തെ തടവിനു വിധിച്ചിരുന്നു. അഴിമതിയടക്കം ഒട്ടനവധി കുറ്റങ്ങൾ പിന്നീട് ചുമത്തപ്പെട്ടു. ശിക്ഷിക്കപ്പെട്ടാൽ 190 വർഷം വരെ തടവു ലഭിക്കാം.
അട്ടിമറിക്കു പിന്നാലെ പ്രതിഷേധവുമായി തെരുവിലിറങ്ങിയ ജനത്തെ പട്ടാളം ഉരുക്കുമുഷ്ടികൊണ്ടാണു നേരിട്ടത്. രണ്ടായിരത്തോളം പേർ കൊല്ലപ്പെട്ടു. 14,000 പേർ അറസ്റ്റിലായി.