മാധ്യമപ്രവർത്തക കൊല്ലപ്പെട്ടത് ഇസ്രേലി സേനയുടെ വെടിയേറ്റ്: യുഎൻ
Friday, June 24, 2022 11:47 PM IST
ജനീവ: അൽജസീറ ചാനലിലെ മുതിർന്ന മാധ്യമപ്രവർത്തക ഷിറീൻ അബു അഖ്ലെ കൊല്ലപ്പെട്ടത് ഇസ്രേലി സൈന്യത്തിന്റെ തോക്കിൽനിന്നുള്ള വെടിയേറ്റാണെന്ന് ഐക്യരാഷ്ട്രസഭ.
ഷിറീനും അവരുടെ സഹപ്രവർത്തകൻ അലി സമൗദിക്കും വെടിയേറ്റതു പലസ്തീൻ പോരാളികളിൽനിന്നല്ലെന്നാണ് തങ്ങൾ ശേഖരിച്ച വിവരങ്ങളിൽനിന്നു കണ്ടെത്താനായതെന്ന് യുഎൻ മനുഷ്യാവകാശ ഓഫീസ് വക്താവ് രവീണ ഷംദസാനി പറഞ്ഞു.
ഷിറീനെ സഹായിക്കാനെത്തിയ നിരായുധനു നേരെയും വെടിവയ്പുണ്ടായി. സംഭവത്തിന് ഉത്തരവാദികളായവർക്കെതിരേ ഇസ്രേലി സർക്കാർ ക്രിമിനൽ കേസ് എടുക്കണമെന്നും ആവശ്യപ്പെട്ടു.
മേയ് 11ന് അധിനിവേശ വെസ്റ്റ്ബാങ്കിൽ ഇസ്രേലി സേന നടത്തിയ റെയ്ഡ് റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ഷിറീൻ കൊല്ലപ്പെട്ടത്.
വെടിവച്ചതു പലസ്തീൻ തീവ്രവാദികളാണെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് അടക്കമുള്ളവർ ആദ്യം പറഞ്ഞത്. ഇസ്രേലി പട്ടാളക്കാരൻ വെടിവച്ചതാകാൻ സാധ്യതയുണ്ടെന്നു പിന്നീട് തിരുത്തി. ക്രിമിനൽ കേസ് എടുക്കാനോ അന്വേഷണം നടത്താനോ ഇസ്രയേൽ തയാറായിട്ടില്ല.
സംഭവത്തിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ സമീപിക്കുമെന്നാണ് അൽ ജസീറ അറിയിച്ചിരിക്കുന്നത്.