ചൈനീസ് സംഘത്തിന് അന്ത്യോപചാരം അർപ്പിക്കാൻ അനുമതി നിഷേധിച്ചു
Friday, September 16, 2022 11:41 PM IST
ലണ്ടൻ: അന്തരിച്ച ബ്രിട്ടീഷ് രാജ്ഞി എലിസബത്തിന് അന്ത്യോപചാരം അർപ്പിക്കാനെത്തിയ ചൈനീസ് പ്രതിനിധിസംഘത്തിന് അനുമതി നിഷേധിച്ചു. മൃതദേഹം പൊതുദർശനത്തിനു വച്ചിരിക്കുന്ന വെസ്റ്റ്മിൻസ്റ്റർ ഹാളിൽ ചൈനീസ് സംഘത്തെ പ്രവേശിപ്പിക്കേണ്ടെന്ന് സ്പീക്കർ ലിൻഡ്സെ ഹോയ്ൽ തീരുമാനിച്ചതായാണു റിപ്പോർട്ട്.
ഏഴു ബ്രിട്ടീഷ് പാർലമെന്റ് അംഗങ്ങൾക്ക് ചൈന നേരത്തേ ഏർപ്പെടുത്തിയ ഉപരോധമാണ് ഇതിനു കാരണം. ഉയിഗർ വിഷയത്തിൽ ബ്രിട്ടൻ ചൈനയെ വിമർശിച്ചതിനുള്ള പ്രതികാരമായിരുന്നു ഉപരോധം. ബ്രിട്ടനും ചൈനയും തമ്മിലുള്ള ബന്ധം വഷളാക്കിയ സംഭവമായിരുന്നിത്.
തിങ്കളാഴ്ച നടക്കുന്ന മൃതസംസ്കാരത്തിൽ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗിനും ക്ഷണമുണ്ട്. എന്നാൽ, വൈസ് പ്രസിഡന്റ് വാംഗ് ക്വിഷാൻ പങ്കെടുത്തേക്കുമെന്നാണു റിപ്പോർട്ട്.