യുക്രെയ്ൻ പ്രദേശങ്ങളിൽ റഷ്യൻ ഹിതപരിശോധന തുടങ്ങി
Saturday, September 24, 2022 12:47 AM IST
മോസ്കോ: യുക്രെയ്നിൽനിന്നു പിടിച്ചെടുത്ത പ്രദേശങ്ങൾ റഷ്യയോടു കൂട്ടിച്ചേർക്കുന്നതിന്റെ ആദ്യപടിയായുള്ള ഹിതപരിശോധനാ വോട്ടെടുപ്പ് ഇന്നലെ ആരംഭിച്ചു. കിഴക്കൻ യുക്രെയ്നിലെ റഷ്യാ അനുകൂലികൾക്കു സ്വാധീനമുള്ള ലുഹാൻസ്ക്, ഡോണറ്റ്സ്ക് പ്രവിശ്യകളിലും തെക്കൻ യുക്രെയ്നിൽ റഷ്യ പിടിച്ചെടുത്ത ഖേർസൺ, ഭാഗികനിയന്ത്രണമുള്ള സാപ്പോറിഷ്യ പ്രദേശങ്ങളിലുമാണ് ഇന്നലെ മുതൽ അഞ്ചു ദിവസത്തേക്കു വോട്ടെടുപ്പ് നടക്കുക. യുക്രെയ്ൻ അഭയാർഥികൾക്കായി റഷ്യയിലും പോളിംഗ് കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്.
ഈ പ്രദേശങ്ങൾ റഷ്യയുടെ ഭാഗമാകുന്നതിനെ അംഗീകരിക്കുന്നുണ്ടോ എന്നാണു ബാലറ്റ് പേപ്പറിലൂടെ ചോദിക്കുന്നത്. ഹിതപരിശോധനാഫലം റഷ്യക്ക് അനുകൂലമായിരിക്കുമെന്നാണു നിഗമനം. ഇതിനു പിന്നാലെ പ്രദേശങ്ങളെ കൂട്ടിച്ചേർക്കാനുള്ള നടപടികൾ മോസ്കോയിൽ നടക്കും. തുടർന്ന് ഈ പ്രദേശങ്ങളിൽ യുക്രെയ്ൻ സേന ആക്രമണം നടത്തിയാൽ റഷ്യക്കു നേരെയുള്ള ആക്രമണമായി ചിത്രീകരിക്കാനാകും. ഹിതപരിശോധനയെ അംഗീകരിക്കില്ലെന്നു യുക്രെയ്നും യുഎസ് അടക്കമുള്ള പാശ്ചാത്യശക്തികളും വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ, സൈനികസേവനത്തിനു പോകുന്ന റഷ്യക്കാർക്കു കുടുംബാംഗങ്ങൾ വികാരഭരിതമായി വിടചൊല്ലുന്ന ദൃശ്യങ്ങൾ റഷ്യൻ സോഷ്യൻ മീഡിയയിൽ വ്യാപകമായി പ്രചരിക്കാൻ തുടങ്ങി. യുക്രെയ്ൻ യുദ്ധത്തിനായി മൂന്നു ലക്ഷം കരുതൽ സേനയെക്കൂടി വിന്യസിക്കാനാണ് പ്രസിഡന്റ് പുടിന്റെ തീരുമാനം. യുദ്ധവിരുദ്ധസംഘടനകൾ റഷ്യയിലുടനീളം കൂടുതൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ്.
ബുധനാഴ്ച മോസ്കോയിലും സെന്റ് പീറ്റേഴ്സ്ബെർഗ് അടക്കമുള്ള നഗരങ്ങളിലും പ്രതിഷേധങ്ങളുണ്ടായി. ആയിരത്തിലധികം പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഇസിയുമിൽ 436 മൃതദേഹങ്ങൾ കണ്ടെത്തി
കീവ്: കിഴക്കൻ നഗരമായ ഇസിയുമിൽ 436 മൃതദേഹങ്ങൾ കണ്ടെത്തിയതായി യുക്രെയ്ൻ ഭരണകൂടം അറിയിച്ചു. ഇതിൽ 30 പേർക്കു ക്രൂരമർദനമേറ്റതായി തെളിവുണ്ട്. യുക്രെയ്ൻ സൈന്യം തിരിച്ചുപിടിച്ച ഇസിയുമിൽ മൂന്നു സ്ഥലത്തുകൂടി മൃതദേഹങ്ങൾ ചെയ്ത സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് ഖർക്കീവ് മേഖലാ ഗവർണർ ഓലെ സിനിഹുവോവും പോലീസ് മേധാവി വ്ലാദിമിർ ടിമോഷ്കോവും അറിയിച്ചു.