വെസ്റ്റ് ബാങ്കിൽ ഇസ്രേലി റെയ്ഡ്; നാലു പേർ കൊല്ലപ്പെട്ടു
Thursday, September 29, 2022 12:25 AM IST
വെസ്റ്റ് ബാങ്ക്: അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിൻ പട്ടണത്തിൽ ഇസ്രേലി സേന നടത്തിയ റെയ്ഡിൽ നാലു പേർ കൊല്ലപ്പെടുകയും 44 പേർക്കു പരിക്കേൽക്കുകയും ചെയ്തതായി പലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഇസ്രയേലിൽ അടുത്തിടെയുണ്ടായ വെടിവയ്പു സംഭവങ്ങളിൽ പങ്കുണ്ടെന്നു സംശയിക്കുന്നവരെ അറസ്റ്റ് ചെയ്യാനായി ജനിനിലെ അഭയാർഥി ക്യാന്പിൽ റെയ്ഡിനു പോയതാണെന്നും സ്ഫോടനവും വെടിവയ്പും നേരിടേണ്ടിവന്ന സാഹചര്യത്തിൽ രണ്ടുപേരെ വെടിവച്ചുകൊന്നുവെന്നും ഇസ്രേലി സേന പറഞ്ഞു.
കൊല്ലപ്പെട്ടവരിൽ ഒരാൾ അഹമ്മദ് അലാവ്നെ എന്ന പലസ്തീൻ ഇന്റലിജൻസ് ഓഫീസറാണെന്ന് പലസ്തീൻ വൃത്തങ്ങൾ അറിയിച്ചു. ഇസ്രേലി സേന കാരണമില്ലാതെ പ്രകോപനം സൃഷ്ടിക്കുന്നതിൽ പ്രതിഷേധിച്ച് വെസ്റ്റ് ബാങ്കിൽ പൊതുപണിമുടക്കും പ്രതിഷേധപ്രകടനവും നടത്താൻ പലസ്തീനിലെ ഫത്താ പാർട്ടി ആഹ്വാനം ചെയ്തു.