പ്രതിഷേധക്കാരെ അടിച്ചമർത്തരുതെന്ന് ഇറാനോട് യുഎന്‍
Thursday, September 29, 2022 12:25 AM IST
ദുബായ്: ഇറാനിൽ ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ സദാചാര പോലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമിനി എന്ന യുവതി മരിച്ചതിൽ പ്രതിഷേധിക്കുന്നവർക്കു നേരേ അനാവശ്യവും അളവില്ലാത്തതുമായ സേനാബലം ഉപയോഗിക്കരുതെന്ന അഭ്യർഥനയുമായി ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടിറസ്. മഹ്സ അമിനിയുടെ മരണത്തിൽ പക്ഷപാതരഹിതമായി അന്വേഷണം നടത്തണമെന്നും സെക്രട്ടറി ജനറൽ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
മഹ്സയുടെ മരണത്തെത്തുടർന്നുണ്ടായ പ്രതിഷേധം തലസ്ഥാനമായ ടെഹ്റാനിലേക്ക് ഉൾപ്പെടെ വ്യാപിച്ചിട്ടുണ്ട്. 46 നഗരങ്ങളിൽ പ്രതിഷേധം നടക്കുന്നുണ്ടെന്നാണ് ഒടുവിൽ പുറത്തുവന്ന റിപ്പോർട്ട്. പ്രതിഷേധക്കാരും പോലീസ് ഉദ്യോഗസ്ഥരുമുൾപ്പെടെ 41 പേർ ഈ മാസം 17 മുതൽ വിവിധയിടങ്ങളിലായി മരിച്ചു.