നിശാക്ലബ്ബിൽ വെടിവയ്പ്: അഞ്ചുമരണം
Tuesday, November 22, 2022 12:25 AM IST
കോളറാഡോസ്പ്രിംഗ്സ് (അമേരിക്ക): കൊളറാഡോ സ്പ്രീംഗ്സിൽ സ്വവർഗാനുരാഗികളുടെ നിശാക്ലബ്ബായ ക്ലബ് ക്യു വിൽ ശനിയാഴ്ച അർധരാത്രിയുണ്ടായ വെടിവയ്പിൽ അഞ്ചുപേർ മരിച്ചു. പരിക്കേറ്റ 25 പേരിൽ ഏഴു പേരുടെ നില ഗുരുതരമാണ്.
ആൻഡേഴ്സൺ ലീ ആൽഡ്രിച് എന്ന ഇരുപത്തിരണ്ടുകാരനാണ് ആക്രമണം നടത്തിയത്. മിനിറ്റുകൾക്കുള്ളിൽ പോലീസ് അക്രമിയെ കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്തു. വെടിവയ്പിൽ പരിക്കേറ്റ ഇയാൾ ചികിത്സയിലാണ്.
ക്ലബ്ബിൽനിന്ന് രണ്ടു തോക്കുകൾ പോലീസ് കണ്ടെടുത്തു. വെറുപ്പിന്റെ ആക്രമണം എന്നാണ് ക്ലബ്ബിന്റെ ഫേസ്ബുക്ക് പേജിൽ അധികൃതർ കുറിച്ചത്.
2021ൽ ബോംബുകളും ആയുധങ്ങളുമുപയോഗിച്ച് സ്വന്തം അമ്മയെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ നേരത്തേ ആൻഡേഴ്സണെ അറസ്റ്റ് ചെയ്തിരുന്നതായി പോലീസ് വെളിപ്പെടുത്തി. 2016ൽ ഒർലാൻഡോയിലെ സ്വവർഗാനുരാഗികളുടെ പൾസ് ഗേ ക്ലബ്ബിലുണ്ടായ വെടിവയ്പിൽ 49 പേർ കൊല്ലപ്പെട്ടിരുന്നു.
വെടിവയ്പിന്റെ പിന്നിലെ അക്രമിയുടെ ലക്ഷ്യം എന്താണെന്നു വ്യക്തമായിട്ടില്ലെന്നും അടുത്തകാലത്തായി സ്വവർഗാനുരാഗികൾക്കെതിരേ വിദ്വേഷഅക്രമങ്ങൾ വർധിച്ചിട്ടുണ്ടെന്നും പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.