പ്രക്ഷോഭത്തെ അനുകൂലിച്ച ഇറേനിയൻ ഫുട്ബോളർ അറസ്റ്റിൽ
Friday, November 25, 2022 10:54 PM IST
ടെഹ്റാൻ: ഇറാനിൽ ഹിജാബ്വിരുദ്ധ പ്രക്ഷോഭത്തെ പിന്തുണച്ചതിനു ദേശീയ ഫുട്ബോൾ ടീമിലെ മുൻ അംഗം വോരിയ ഗഫൂരി അറസ്റ്റിലായി. സർക്കാരിനെ വിമർശിക്കുന്നു, ഖത്തർ ലോകകപ്പിനുള്ള ടീമിനെ നശിപ്പിക്കാൻ ശ്രമിക്കുന്നു തുടങ്ങിയ കുറ്റങ്ങളാണ് ഇദ്ദേഹത്തിനെതിരേ ചുമത്തിയിരിക്കുന്നത്.
2018 ലോകകപ്പ് ടീമിൽ അംഗമായിരുന്ന ഗഫൂരിയെ ഇത്തവണ തഴയുകയായിരുന്നു. ടെഹ്റാനിലെ എസ്റ്റംഗ്ലാൽ ടീമിന്റെ ക്യാപ്റ്റൻകൂടിയായിരുന്ന ഇദ്ദേഹം കുർദിഷ് വിഘടനവാദിയാണെന്നു സർക്കാർ ആരോപിക്കുന്നു.
ഗഫൂരി സോഷ്യൽ മീഡിയയിലൂടെ സർക്കാരിനെ വിമർശിക്കുകയും കുർദുകളെ കൊന്നൊടുക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. നേരത്തേ മുൻ വിദേശകാര്യമന്ത്രി ജവാദ് സെരീഫിനെ വിമർശിച്ചതിന്റെ പേരിൽ ഗഫൂരി ജയിലിൽ അടയ്ക്കപ്പെട്ടിരുന്നു.
ഖത്തർ ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ദേശീയഗാനം ആലപിക്കൻ വിസമ്മതിച്ച ഇറേനിയൻ ടീമിനു മുന്നറിയിപ്പു നല്‍കാനാണു ഗഫൂരിയെ അറസ്റ്റ് ചെയ്തതെന്ന് വിലയിരുത്തപ്പെടുന്നു. ഇന്നലെ വെയിൽസിനെതിരായ മത്സരത്തിൽ ദേശീയ ഗാനം ആലപിക്കാൻ കളിക്കാർ തയാറായി.
സെപ്റ്റംബറിൽ ഹിജാബ് നിയമം ലംഘിച്ചുവെന്നാരോപിച്ച് പോലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമിനി എന്ന കുർദ് യുവതി മരിച്ചതിനെത്തുടർന്ന് ഇറാനിലുടനീളം സർക്കാർവിരുദ്ധ പ്രക്ഷോഭം വ്യാപിക്കുകയുണ്ടായി. പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കുട്ടികളടക്കം 14,000 പേർ അറസ്റ്റിലായെന്നും കുറഞ്ഞത് ആറു പേരെ വധശിക്ഷയ്ക്കു വിധിച്ചിട്ടുണ്ടെന്നും ഐക്യരാഷ്ട്രസഭ കഴിഞ്ഞദിവസം അറിയിച്ചിരുന്നു.