ബൈഡന്റെ വീട്ടിൽനിന്നു വീണ്ടും രഹസ്യരേഖകൾ കണ്ടെത്തി
Monday, January 23, 2023 12:22 AM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ സ്വകാര്യ വസതിയിൽനിന്ന് സർക്കാരിന്റെ രഹസ്യരേഖകൾ വീണ്ടും കണ്ടെത്തി. ഡെലാവറിലെ വിൽമിംഗ്ടണിലുള്ള വസതിയിൽ എഫ്ബിഐ ഉദ്യോഗസ്ഥർ 13 മണിക്കൂർ പരിശോധന നടത്തി. ആറു രഹസ്യ രേഖകൾ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. ബൈഡൻ സെനറ്ററായിരുന്ന കാലത്തെയും വൈസ് പ്രസിഡന്റായിരുന്ന കാലത്തെയും രേഖകളാണിവ.
വാഷിംഗ്ടണിൽ ബൈഡൻ മുന്പ് ഉപയോഗിച്ചിരുന്ന സ്വകാര്യ ഓഫീസിൽനിന്നടക്കം നേരത്തേ രഹസ്യരേഖകൾ കണ്ടെത്തിയിരുന്നു. അദ്ദേഹം എന്തിനാണ് ഇവ സൂക്ഷിച്ചതെന്നതിൽ വ്യക്തതയില്ല. ഒരു ഭരണകൂടത്തിന്റെ കാലാവധി അവസാനിക്കുന്പോൾ സർക്കാർ രേഖകളുടെ ചുമതലയുള്ള നാഷണൽ ആർക്കൈവ്സിനു കൈമാറണമെന്നതാണു ചട്ടം. കണ്ടെത്തിയ രേഖകളെല്ലാം നാഷണൽ ആർക്കൈവ്സിനു നല്കി.
അന്വേഷണവുമായി പൂർണമായി സഹകരിക്കണമെന്ന് തന്റെ അഭിഭാഷകർക്കു ബൈഡൻ നിർദേശം നല്കിയിട്ടുണ്ട്. ബൈഡന്റെ സ്വകാര്യ കുറിപ്പുകളും ഫയലുകളും പരിശോധിക്കുന്നതടക്കം എല്ലാവിധ സ്വാതന്ത്ര്യവും അന്വേഷണസംഘത്തിനു നല്കിയിട്ടുണ്ടെന്ന് ബൈഡന്റെ അഭിഭാഷകൻ അറിയിച്ചു.