സൊമാലിയയിലെ ഐഎസ് നേതാവ് അൽ സുഡാനിയെ അമേരിക്ക വധിച്ചു
Saturday, January 28, 2023 1:10 AM IST
വാഷിംഗ്ടൺ ഡിസി: ഇസ്ലാമിക് സ്റ്റേറ്റിന്റെ സൊമാലിയാ നേതാവ് ബിലാൽ അൽ സുഡാനിയെ വധിച്ചതായി അമേരിക്ക അറിയിച്ചു.
അമേരിക്കൻ കമാൻഡോകൾ വടക്കൻ സൊമാലിയായിലെ മലനിരകളിലുള്ള ഗുഹകളിൽ ഓപ്പറേഷൻ നടത്തി സുഡാനിയെയും പത്തു കൂട്ടാളികളെയും വകവരുത്തുകയായിരുന്നുവെന്ന് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ അറിയിച്ചു. മാസങ്ങൾ നീണ്ട ആസൂത്രണത്തിനൊടുവിലായിരുന്നു ഓപ്പറേഷൻ. സുഡാനിയെ ജീവനോടെയോ അല്ലാതെയോ പിടികൂടുകയായിരുന്നു ലക്ഷ്യം.
ആഫ്രിക്കൻ രാജ്യങ്ങളിൽ ഇസ്ലാമിക് സ്റ്റേറ്റിനെ വളർത്തുകയെന്ന ഉത്തരവാദിത്വമായിരുന്നു സുഡാനിക്ക്. മൊസാംബിക്, കോംഗോ രാജ്യങ്ങളിൽ ഭീകരസംഘടന സാന്നിധ്യം ശക്തമാക്കിയിട്ടുണ്ട്.
അതേസമയം, അൽക്വയ്ദ ബന്ധമുള്ള അൽഷബാബ് ആണ് സൊമാലിയായിലെ പ്രധാന ഭീകരസംഘടന. അൽഷബാബിനെ വച്ചു നോക്കുന്പോൾ ഐഎസ് സൊമാലിയയിൽ ചെറിയൊരു സംഘടനയാണ്. സുഡാനി ഐഎസിൽ ചേരുന്നതിനു മുന്പ് അൽഷബാബിലെ ഭീകരർക്കു പരിശീലനം നല്കിയിരുന്നു.