ചിലിയിൽ കാട്ടുതീ പടരുന്നു; 23 മരണം
Monday, February 6, 2023 12:13 AM IST
സാന്തിയാഗോ: തെക്കേ അമേരിക്കൻ രാജ്യമായ ചിലിയിൽ കാട്ടുതീ പടരുന്നു. 23 പേർ മരിച്ചതായും 979 പേർക്കു പരിക്കേറ്റതായും ഔദ്യോഗിക അറിയിപ്പിൽ പറയുന്നു. 1,100 പേരെ മാറ്റിപ്പാർപ്പിച്ചു.
സെൻട്രൽ പ്രവിശ്യകളായ ബിയോബിയോ, നൂബിൾ, അരാചാനിയ എന്നിവിടങ്ങളിലായി 231 കാട്ടുതീകളാണ് റിപ്പോർട്ട് ചെയ്തത്. 151 എണ്ണം നിയന്ത്രണവിധേയമായാണെന്ന് അഗ്നിശമനസേന പറഞ്ഞു.
മൂന്നു പ്രവിശ്യകളിലായ 40,000 ഹെക്ടർ ഭൂമിയാണു ചാന്പലായത്. രണ്ടു പ്രവിശ്യകളിൽ വെള്ളിയാഴ്ചയും ഒരിടത്ത് ഇന്നലെയും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ചൂട് 40 ഡിഗ്രിക്കു മുകളിലാണെന്നും തീകളെല്ലാം അതിവേഗം പടരുകയാണെന്നും അഗ്നിശമനസേന പറഞ്ഞു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തിൽ ദുരന്തനിവാരണത്തിന് പട്ടാളവും രംഗത്തിറങ്ങും.
അമേരിക്ക, അർജന്റീന, സ്പെയിൻ, ഇക്വഡോർ, ബ്രസീൽ മുതലായ രാജ്യങ്ങൾ തീയണയ്ക്കാനായി വിമാനങ്ങൾ അടക്കമുള്ള സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.