സമയം കുറവ്; രക്ഷാപ്രവർത്തനം ഊർജിതം
Wednesday, February 8, 2023 11:52 PM IST
അങ്കാറ: ഭൂകന്പത്തിൽ തകർന്ന തെക്കൻ തുർക്കിയിലും വടക്കൻ സിറിയയിലും രക്ഷാപ്രവർത്തനം തുടരുന്നു. സമയം അതിപ്രധാനമെന്ന തിരിച്ചറിവിൽ രക്ഷാപ്രവർത്തകർ അമാന്തം കാണിക്കുന്നില്ല; പക്ഷേ, ആയിരക്കണക്കിനു കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടന്നവരെ മുഴുവൻ കണ്ടെത്താനായി ദിവസങ്ങളെടുത്തേക്കാം. കൊടും തണുപ്പും പ്രതിസന്ധി സൃഷ്ടിക്കുന്നു. ചൊവ്വാഴ്ച രാത്രി മഴയും തണുപ്പും അവഗണിച്ച് രക്ഷാപ്രവർത്തകർ പോരാടി.
സിറിയയിലെ തകർന്ന റോഡുകൾ തെരച്ചിൽ വൈകിക്കുന്നു. തുർക്കിയിൽ കാണാതായവരുടെ ബന്ധുക്കൾ കൈയിൽ കിട്ടിയതെല്ലാമെടുത്ത് തെരച്ചിലിൽ പങ്കുചേർന്നു.
ഭൂകന്പത്തിന്റെ പ്രഭവകേന്ദ്രമായ തുർക്കിയിലെ ഗാസിയൻടെപ്പിൽ ചൊവ്വാഴ്ച രാത്രി താപനില മൈനസ് ഒന്ന് ഡിഗ്രി സെൽഷസ് ആയിരുന്നു. മറ്റു ഭൂകന്പബാധിത പ്രദേശങ്ങളിൽ മൈനസ് അഞ്ച് വരെയും. രക്ഷാപ്രവർത്തകർക്കു മാത്രമല്ല, ഭൂകന്പത്തെ അതിജീവിച്ചവർക്കും അവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവർക്കും തണുപ്പ് വെല്ലുവിളിയാണ്. റൺവേ മഞ്ഞുമൂടിയതു മൂലം വിമാനസർവീസുകൾ റദ്ദാക്കുന്നതും വഴിതിരിച്ചുവിടുന്നതും പ്രശ്നമുണ്ടാക്കുന്നു.
ലോകരാജ്യങ്ങൾ പ്രഖ്യാപിച്ച സഹായങ്ങൾ സിറിയയിലും തുർക്കിയിലും എത്തിച്ചേർന്നുകൊണ്ടിരിക്കുന്നു.
ഭൂകന്പത്തെക്കുറിച്ച് മൂന്നു ദിവസം മുൻപേ അറിയിപ്പ്
ഭൂകമ്പത്തെക്കുറിച്ച് മൂന്നു ദിവസത്തിനു മുമ്പേ മുന്നറിയിപ്പു ലഭിച്ചിരുന്നു. നെതര്‍ലാന്‍ഡ്സിലെ സോളാര്‍ സിസ്റ്റം ജ്യോമെട്രി സര്‍വേ(എസ്എസ്ജിഎസ്)യില്‍ സീസ്മോളജിസ്റ്റായ ഫ്രാങ്ക് ഹൂഗര്‍ബീറ്റ്സ് ആണ് ഫെബ്രുവരി മൂന്നിന് ട്വിറ്ററിലൂടെ മുന്നറിയിപ്പു നല്‍കിയത്.
ദക്ഷിണ-മധ്യ തുര്‍ക്കി, സിറിയ, ജോര്‍ദാന്‍, ലബനന് എന്നിവ ഉള്‍പ്പെട്ട മേഖലയില്‍ 7.5 തീവ്രതയുള്ള ഭൂകമ്പം വൈകാതെ ഉണ്ടാകുമെന്നായിരുന്നു ട്വീറ്റ്.