നൈജീരിയയിൽ ഭരണകക്ഷിക്കു ജയം; ബോലാ ടിനുബു പ്രസിഡന്റ്
Thursday, March 2, 2023 12:55 AM IST
ലാഗോസ്: ആഫ്രിക്കയിൽ ജനസംഖ്യയിലും എണ്ണയുത്പാദനത്തിലും ഒന്നാമതുള്ള നൈജീരിയയുടെ പ്രസിഡന്റായി ഭരണകക്ഷിയായ ഓൾ പ്രോഗ്രസീവ് കോൺഗ്രസ് (എപിസി) പാർട്ടിസ്ഥാനാർഥി ബോലാ ടിനുബു തെരഞ്ഞെടുക്കപ്പെട്ടു.
നിലവിലെ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയടക്കം ഒട്ടേറെ രാഷ്ട്രീയ നേതാക്കളുടെ തലതൊട്ടപ്പനായി അറിയപ്പെടുന്ന ടിനുബിന് 37 ശതമാനം വോട്ടുകളാണ് ലഭിച്ചത്. മുഖ്യപ്രതിപക്ഷമായ പിഡിപിയുടെ സ്ഥാനാർഥി അതികു അബൂബക്കറിന് 29 ശതമാനം വോട്ട് ലഭിച്ചു. ലേബർ പാർട്ടി സ്ഥാനാർഥിയും രാഷ്ട്രീയത്തിൽ പുതുമുഖവുമായ പീറ്റർ ഒബി അപ്രതീക്ഷിത മുന്നേറ്റം നടത്തി 25 ശതമാനം വോട്ട് പിടിച്ചു.
ബുഹാരി അധികാരത്തിൽ രണ്ടുവട്ടം പൂർത്തിയാക്കിയ പശ്ചാത്തലത്തിലാണു ടിനുബു സ്ഥാനാർഥിയായത്. എഴുപതു വയസുള്ള ടിനുബു നൈജീരിയയിലെ ഏറ്റവും സന്പന്നനായ രാഷ്ട്രീയ നേതാവാണ്. സാന്പത്തിക തലസ്ഥാനായ ലാഗോസിന്റെ വികസനത്തിനു നേതൃത്വം നല്കിയ ആളാണ്. മുന്പ് ലാഗോസ് ഗവർണറുമായിരുന്നു. അതേസമയം, പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ലാഗോസിൽ അദ്ദേഹം പരാജയപ്പെട്ടു.
ബുഹാരിയുടെ ഭരണം സാന്പത്തിക മുരടിപ്പും അരക്ഷിതാവസ്ഥയും നിറഞ്ഞതായിരുന്നു. രാജ്യത്തൊട്ടാകെ നടമാടുന്ന തട്ടിക്കൊണ്ടുപോകലുകൾ, വടക്കുകിഴക്കൻ മേഖലയിൽ സജീവമായ ഭീകരവാദം, തെക്കുകിഴക്കൻ മേഖലയിലെ വിഘടനവാദം മുതലായ പ്രശ്നങ്ങളിൽനിന്നു നൈജീരിയയെ മുക്തമാക്കുകയെന്ന വെല്ലുവിളിയാണു പുതിയ പ്രസിഡന്റ് ടിനുബിനു മുന്നിലുള്ളത്.