ഓസ്കർ നെറുകയിൽ ആർആർആറിലെ നാട്ടു നാട്ടു... മികച്ച ഗാനം
Tuesday, March 14, 2023 1:40 AM IST
ലോസ് ആഞ്ചലസ്: ഓസ്കറിൽ ഇരട്ട തിളക്കത്തിൽ ഇന്ത്യ. ആർആർആറിലെ നാട്ടു നാട്ടു ഗാനത്തിന് ഒറിജിനൽ സോംഗ് വിഭാഗത്തിലും "ദി എലിഫന്റ് വിസ്പറേഴ്സി'ന് ഡോക്യുമെന്ററി ഷോർട്ട് ഫിലിം വിഭാഗത്തിലും പുരസ്കാരം നേടി.
ചരിത്രത്തിലാദ്യമായാണു രണ്ട് ഇന്ത്യൻ ചിത്രങ്ങൾക്ക് ഓസ്കർ ലഭിക്കുന്നത്. "എലിഫന്റ് വിസ്പറേഴ്സി' ലൂടെ നേട്ടം ഇന്ത്യയിലെത്തിച്ച സംവിധായകയും നിർമാതാവും സ്ത്രീകളാണെന്നതും അപൂർവതയായി.
സംഗീതസംവിധായകൻ എം.എം. കീരവാണിയും ഗാനരചയിതാവ് ചന്ദ്രബോസും "നാട്ടു നാട്ടു'വിന്റെ പുരസ്കാരം ഏറ്റുവാങ്ങി. ഗോൾഡൻ ഗ്ലോബ്, ക്രിട്ടിക്സ് ചോയ്സ് അവാർഡ് എന്നിവയ്ക്കു പിന്നാലെയാണ് ഓസ്കർ നേട്ടവും.
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ കഥ പറഞ്ഞ ആർആർആർ എസ്.എസ്. രാജമൗലിയാണ് സംവിധാനം ചെയ്തത്. രാം ചരണും ജൂണിയർ എൻടിആറും ചുവടുവച്ച നാട്ടു നാട്ടു ഗാനം സൂപ്പർ ഹിറ്റായിരുന്നു. കീരവാണിയുടെ മകൻ കാലഭൈരവ, രാഹുൽ സിപ്ലിഗഞ്ച് എന്നിവരാണു ഗാനം ആലപിച്ചത്.
""അക്കാദമിക്കു നന്ദി, കാർപെന്റേഴ്സിനെ (യുഎസ് പോംപ് സംഗീതബാൻഡ്) കേട്ടാണ് ഞാൻ വളർന്നത്. ഇന്ന് ഓസ്കറുമായി ഇവിടെ നിൽക്കുന്നു’’-കീരവാണി പുരസ്കാരം സ്വീകരിച്ചശേഷം പറഞ്ഞു. ആർആർആറിനു പിന്നിൽ പ്രവർത്തിച്ചവർക്കു നന്ദിയർപ്പിച്ച് കീരവാണി ഒരു ഗാനവും ആലപിച്ചു. ചന്ദ്രബോസ് നമസ്തേ മാത്രമാണു പറഞ്ഞത്.
മുതുമലയിലെ അനാഥരായ കുട്ടിയാനകളെ പരിപാലിക്കുന്ന ദന്പതികളുടെ കഥ പറഞ്ഞ എലിഫന്റ് വിസ്പറേഴ്സിന്റെ സംവിധായിക കാർത്തികി ഗൊൺസാൽവസും നിർമാതാവ് ഗുനീത് മോംഗയും പുരസ്കാരം ഏറ്റുവാങ്ങി. മുംബൈയിൽ ഫോട്ടോ ജേർണലിസ്റ്റായി പ്രവർത്തിക്കുന്ന മുപ്പത്തിയാറുകാരിയായ കാർത്തികി, ഊട്ടി സ്വദേശിനിയാണ്.
ബോളിവുഡ് സൂപ്പർസ്റ്റാർ ദീപിക പദുക്കോൺ അവതാരകയുടെ വേഷത്തിൽ ഓസ്കർ വേദിയിൽ തിളങ്ങി. നാട്ടു നാട്ടു ഗാനം പരിചയപ്പെടുത്തിയാണു ദീപിക വേദിയിലെത്തിയത്.
2008ലാണ് ഇന്ത്യക്ക് ഇതിനുമുന്പ് ഓസ്കർ ലഭിച്ചത്. ഡാനി ബോയൽ സംവിധാനം ചെയ്ത ഇംഗ്ലീഷ് ചിത്രം സ്ലംഗോഡ് മില്യണെയറിലൂടെ എ.ആർ. റഹ്മാൻ, ഗുൽസാർ, റസൂൽ പൂക്കൂട്ടി എന്നിവർ പുരസ്കാരം ഇന്ത്യയിലെത്തിച്ചു. മികച്ച ഗാനം, ഒറിജിനൽ സ്കോർ, സൗണ്ട് മിക്സിംഗ് എന്നിവയ്ക്കായിരുന്നു പുരസ്കാരം. മികച്ച ഗാനത്തിനുള്ള പുരസ്കാരം എ.ആർ. റഹ്മാനും ഗുൽസാറും പങ്കുവച്ചു.
"എവരിതിംഗ് എവരിവെയർ ഓൾ അറ്റ് വൺസ് ' മികച്ച ചിത്രം, ബ്രെൻഡൻ ഫ്രേസർ നടൻ,
മിഷൽ യോ നടി

മികച്ച ചലച്ചിത്രമായി "എവരിതിംഗ് എവരിവെയർ ഓൾ അറ്റ് വൺസ്' തെരഞ്ഞെടുക്കപ്പെട്ടു. 11 നോമിനേഷനുകളുമായി എത്തിയ സിനിമ ഏഴ് അവാർഡുകളാണു വാരിക്കൂട്ടിയത്. ദ വെയ്ൽ എന്ന ചിത്രത്തിലെ അഭിനയത്തിന് ബ്രെൻഡൻ ഫ്രേസർ മികച്ച നടനായി തെരഞ്ഞെടുപ്പെട്ടു.
മലേഷ്യൻ വംശജയായ മിഷേൽ യോ (എവരിതിംഗ് എവരിവെയർ അറ്റ് വൺസ്) ആണു മികച്ച നടി. ഓസ്കർ നേടുന്ന ആദ്യ ഏഷ്യൻ വംശജയാണ് അറുപതുകാരിയായ മിഷേൽ. മുപ്പത്തിയഞ്ചു വയസുകാരായ ഡാനിയേൽ ക്വാൻ-ഡാനിയേൽ ഷൈനേർട്ട് സഖ്യം സംവിധാനത്തിനും തിരക്കഥയ്ക്കുമുള്ള (എവരിതിംഗ് എവരിവെയർ ഓൾ അറ്റ് വൺസ്) അവാർഡ് നേടി.
ബാഫ്റ്റ, ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടിയ ജസ്റ്റിൻ ബട്ലറെ മറികടന്നാണ് ബ്രെൻഡൻ ഫ്രേസർ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്. അമിതഭാരമുള്ള കോളജ് അധ്യാപകനായ ചാർലി എന്ന കഥാപാത്രത്തെയാണ് ദ വെയ്ലിൽ ഫ്രേസർ അവതരിപ്പിച്ചത്. "ഓൾ ക്വയറ്റ് ഓൺ ദ വെസ്റ്റേൺ ഫ്രന്റ്' എന്ന ജർമൻ സിനിമ നാല് ഓസ്കർ അവാർഡ് നേടി.