യുക്രെയ്നിൽ സ്കൂളിനു നേർക്ക് റഷ്യയുടെ ഡ്രോൺ ആക്രമണം; നാലു മരണം
Thursday, March 23, 2023 12:48 AM IST
കീവ്: യുക്രെയ്നിൽ സ്കൂളിനും കുട്ടികളുടെ താമസകേന്ദ്രത്തിനും നേരേ റഷ്യ നടത്തിയ ഡ്രോൺ ആക്രമണത്തിൽ നാലു മരണം. ദക്ഷിണ യുക്രെയ്നിലെ റിസിഷ്ചീവിലുണ്ടായ ആക്രമണത്തിൽ ഹൈസ്കൂളും രണ്ട് ഡോർമെറ്ററികളും ഭാഗികമായി തകർന്നു.
മൂന്നു ദിവസത്തെ റഷ്യൻ സന്ദർശനത്തിനെത്തിയ ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിംഗ് മോസ്കോയിൽനിന്നും യുക്രെയ്നിൽ അപ്രതീക്ഷിത സന്ദർശനത്തിനെത്തിയ ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിഡ കീവിൽനിന്നും മടങ്ങിയതിനു ശേഷമാണു റഷ്യ ആക്രമണം പുനരാരംഭിച്ചത്.
ഡോർമെറ്ററിയുടെ ആറാം നിലയിൽനിന്ന് 40 വയസുള്ളയാളുടെ മൃതദേഹം ലഭിച്ചതായി പോലീസ് മേധാവി ആൻഡ്രി നെബിറ്റോബ് പറഞ്ഞു. പരിക്കേറ്റ 20 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുണ്ട്. റഷ്യ പറത്തിവിട്ട 21 ഡ്രോണുകളിൽ 16 എണ്ണം യുക്രെയ്ൻ വെടിവച്ചു വീഴ്ത്തി. ഇതിൽ എട്ടെണ്ണം കീവിലെ ആശുപത്രിയുടെ പരിസരത്താണു വീണത്. ഖെമിലിനിസ്റ്റികി പ്രവിശ്യയിലും ഡ്രോണാക്രമണമുണ്ടായി.
യുക്രെയ്ൻ യുദ്ധം സമാധാന ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് റഷ്യ സന്ദർശിച്ച ചൈനീസ് പ്രസിഡന്റ് ആവശ്യപ്പെട്ടിരുന്നു.
“20 ഇറേനിയൻ ഡ്രോണുകൾ, മിസൈലുകൾ, നിരവധി ഷെല്ലുകൾ, ഇത് കഴിഞ്ഞരാത്രിയിലെ റഷ്യൻ ഭീകരത”- റഷ്യൻ ആക്രമണത്തെക്കുറിച്ച് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലൻസ്കി ട്വീറ്റ് ചെയ്തു. “മോസ്കോയിൽ സമാധാനം എന്ന വാക്ക് പറയാൻ ആരെങ്കിലും ശ്രമിക്കും, അടുത്തതായി ഇത്തരം കൊടുംക്രൂരതയ്ക്ക് അവർ ഉത്തരവിടും”- സെലൻസ്കി കൂട്ടിച്ചേർത്തു.
ഗ്രൂപ്പ് ഏഴ് രാജ്യങ്ങളുടെ നിലവിലെ അധ്യക്ഷനായ ജാപ്പനീസ് പ്രധാനമന്ത്രി ഫുമിയോ കിഷിഡ ചൊവ്വാഴ്ച കീവിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയിരുന്നു. ചൈനീസ് പ്രസിഡന്റ് റഷ്യയിലെത്തിയതിനെത്തുടർന്നായിരുന്നു കിഷിഡയുടെ സന്ദർശനം.
യുക്രെയ്ന് ഗ്രൂപ്പ് ഏഴ് രാജ്യങ്ങളും ജപ്പാനും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി പോളണ്ടിനു മടങ്ങുംമുന്പ് കിഷിഡ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണു റഷ്യൻ ആക്രമണമുണ്ടായത്.