തായ്വാനെ തള്ളി; ചൈനയെ അംഗീകരിച്ച് ഹോണ്ടുറാസ്
Sunday, March 26, 2023 11:59 PM IST
ബെയ്ജിംഗ്: സെൻട്രൽ അമേരിക്കൻ രാജ്യമായ ഹോണ്ടുറാസ് തായ്വാനുമായുള്ള നയതന്ത്രബന്ധം ഔദ്യോഗികമായി അവസാനിപ്പിച്ചു. ചൈനയെ മാത്രമേ ഇനി അംഗീകരിക്കുകയുള്ളൂവെന്നും തായ്വാൻ ചൈനയുടെ അഭിഭാജ്യഘടകമാണെന്നും ഹോണ്ടുറാസ് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ബന്ധം വിച്ഛേദിക്കുന്ന കാര്യം തായ്വാനെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.
ഇതോടെ തായ്വാനെ ഔദ്യോഗികമായി അംഗീകരിക്കുന്ന രാജ്യങ്ങളുടെ എണ്ണം 13 ആയി. വത്തിക്കാൻ, ബെലീസ്, ഗ്വാട്ടിമാല, പരാഗ്വേ തുടങ്ങിയ രാജ്യങ്ങളാണ് തായ്വാനെ അംഗീകരിക്കുന്നത്. അതേസമയം, അമേരിക്കയടക്കം നൂറോളം രാജ്യങ്ങൾ ചൈനയെയാണ് അംഗീകരിക്കുന്നതെങ്കിലും അനൗദ്യോഗികമായി തായ്വാനെ പിന്തുണയ്ക്കുകയും സഹായങ്ങൾ നല്കുകയും ചെയ്യുന്നുണ്ട്.
1949ലെ ആഭ്യന്തരയുദ്ധത്തിൽ വേർപെട്ട തായ്വാനെ സ്വതന്ത്ര പ്രവിശ്യയായിട്ടു മാത്രമാണു ചൈന കരുതുന്നത്. ജനാധിപത്യ ഭരണകൂടം നിലവിലുള്ള തായ്വാനെ അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെടുത്താൻ വലിയ നീക്കങ്ങൾ ചൈന നടത്തുന്നുണ്ട്.
ചൈനയുടെ ഭീഷണിക്കു ഹോണ്ടുറാസ് വഴങ്ങിയെന്നു തായ്വാൻ പ്രസിഡന്റ് സായ് ഇംഗ് വെൻ ആരോപിച്ചു. ഹോണ്ടുറാസിലെ എംബസി പൂട്ടി അംബാസഡറെ തിരിച്ചുവിളിക്കുമെന്നു തായ് വിദേശകാര്യമന്ത്രി ജോസഫ് വു അറിയിച്ചു.
ഹോണ്ടുറാസിൽ വർഷാദ്യം അധികാരമേറ്റ പ്രസിഡന്റ് സിയമാരോ കാസ്ട്രോയുടെ സർക്കാരാണു ചൈനയുമായി ബന്ധം പുനഃസ്ഥാപിക്കാൻ തീരുമാനമെടുത്തത്. ഇതിനു പകരമായി ചൈന ഹോണ്ടുറാസിനു സാന്പത്തികസഹായം നല്കുമെന്നാണു റിപ്പോർട്ട്.