ബൾഗേറിയൻ എഴുത്തുകാരൻ ജോർജി ഗോസ്പൊഡിനോവിന് ബുക്കർ
Thursday, May 25, 2023 1:07 AM IST
ലണ്ടൻ: ഈ വർഷത്തെ ഇന്റർനാഷണൽ ബുക്കർ പ്രൈസ് ‘ടൈം ഷെൽട്ടർ’ എന്ന നോവലിലൂടെ ബൾഗേറിയൻ എഴുത്തുകാരൻ ജോർജി ഗോസ്പൊഡിനോവും അദ്ദേഹത്തിന്റെ പരിഭാഷക ആഞ്ചല റോഡലും നേടി. ലണ്ടനിൽ നടന്ന ചടങ്ങിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. 50,000 പൗണ്ടാണ് സമ്മാനത്തുക. രചയിതാവും വിവർത്തകയും സമ്മാനം തുല്യമായി വീതിക്കും.
ആദ്യമായാണു ബുക്കർ സമ്മാനം ബൾഗേറിയൻ എഴുത്തുകാരനു ലഭിക്കുന്നത്. ഓർമയും സമയവും ഭൂതകാലത്തിന്റെ പ്രളയവും ഗൃഹാതുരത്വത്തിന്റെ ആയുധവത്കരണവും അക്ഷരങ്ങളിലൂടെ ചിത്രീകരിക്കുന്നതിൽ ഗ്രന്ഥകാരൻ വിജയിച്ചതായി ജൂറി വിലയിരുത്തി.
“ടൈം ഷെൽട്ടർ, വിരോധാഭാസവും വിഷാദവും നിറഞ്ഞ ഒരു മികച്ച നോവലാണ്. വളരെ സമകാലികമായ ഒരു ചോദ്യം കൈകാര്യം ചെയ്യുന്ന ഗഹനമായ ഒരു കൃതിയാണിത്. നമ്മുടെ ഓർമകൾ അപ്രത്യക്ഷമാകുന്പോൾ നമുക്ക് എന്തു സംഭവിക്കും? ഈ ചോദ്യത്തെ കൃത്യമായി അവതരിപ്പിക്കാൻ ജോർജി ഗോസ്പോഡിനോവിനു കഴിഞ്ഞിരിക്കുന്നു.’’ - ജൂറി അധ്യക്ഷൻ ലെയ്ല സ്ലിമാനി പറഞ്ഞു.