സഹകരണ സംരംഭങ്ങളിലൂടെ കർഷകർക്കു സഹായമേകണം: കർദിനാൾ മാർ ആലഞ്ചേരി
Friday, June 2, 2023 11:40 PM IST
മെൽബൺ: കാർഷികോത്പന്നങ്ങളുടെ വിപണിസാധ്യതകൾക്ക് സർക്കാരുകളെ മാത്രം ആശ്രയിക്കാതെ കൂട്ടായ്മകളിലൂടെയും സഹകരണത്തിലൂടെയും കർഷകരെ സഹായിക്കാൻ സാധിക്കുമെന്ന് സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ഓസ്ട്രേലിയ- ന്യൂസിലാൻഡ് ഫ്രൂട്ട്സ് വാലി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഉദ്ഘാടനം മെൽബണിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ കർഷകരുടെ ഉത്പന്നങ്ങൾ ഓസ്ട്രേലിയയിലേക്കും ന്യൂസിലാൻഡിലേക്കും ഇറക്കുമതി ചെയ്യുന്ന ഫ്രൂട്സ് വാലി കമ്പനി കർഷകജനതയ്ക്ക് ആശ്വാസമാണെന്നും കർദിനാൾ പറഞ്ഞു. ഓസ്ട്രേലിയയിലും ന്യൂസിലാൻഡിലുമുള്ള വിശ്വാസി സമൂഹത്തിന് കേരളത്തോടുള്ള താത്പര്യമാണ് ഇത്തരം സംരംഭങ്ങൾക്ക് പ്രചോദനമെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ മെൽബൺ ബിഷപ് മാർ ജോൺ പനന്തോട്ടത്തിൽ പറഞ്ഞു.
ഫ്രൂട്ട്സ് വാലി കമ്പനിയിലൂടെ ലോകത്തിന്റെ പല ഭാഗങ്ങളിൽ കർഷകർക്കായി കൂട്ടായ്മകൾ രൂപപ്പെടുന്നുണ്ടെന്നു മുഖ്യപ്രഭാഷണം നടത്തിയ കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം പറഞ്ഞു. ഫ്രൂട്ട്സ് വാലി കമ്പനി കേരളത്തിലെ കർഷകരിൽനിന്നു ശേഖരിച്ച് ഓസ്ട്രേലിയയിൽ ഇറക്കുമതി ചെയ്ത സുഗന്ധവ്യഞ്ജനങ്ങളുടെ പ്രദർശനവും ഉണ്ടായിരുന്നു.
ഓസ്ട്രേലിയ ഫ്രൂട്ട്സ് വാലി കമ്പനിയുടെ ചെയർമാൻ ജോണിക്കുട്ടി തോമസ് അധ്യക്ഷത വഹിച്ചു. സീറോ മലബാർ സഭ ചാൻസലർ റവ. ഡോ. ഏബ്രഹാം കാവിൽപ്പുരയിടം, കത്തോലിക്കാ കോൺഗ്രസ് മെൽബൺ രൂപത ഡയറക്ടർ ഫാ. ജോൺ പുതുവ, ഫാ. മാത്യു അരീപ്ലാക്കൽ, റെജി ചാക്കോ , ബെനഡിക്ട് ചെറിയാൻ എന്നിവർ പ്രസംഗിച്ചു.