യുഎസ് പ്രസിഡന്റ് ബൈഡൻ വേദിയിൽ വീണു, പരിക്കില്ലെന്നു വൈറ്റ്ഹൗസ്
Friday, June 2, 2023 11:40 PM IST
വാഷിംഗ്ടൺ ഡിസി: കൊളറാഡോയിലെ യുഎസ് വ്യോമസേനാ അക്കാഡമിയിൽ പഠനം പൂർത്തിയാക്കിയ സൈനിക കേഡറ്റുകൾക്കു സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതിനിടെ വേദിയിൽ വീണ പ്രസിഡന്റ് ജോ ബൈഡനു പരിക്കോ, ആരോഗ്യ പ്രശ്നങ്ങളോ ഇല്ലെന്നു വൈറ്റ്ഹൗസ് അറിയിച്ചു.
വ്യാഴാഴ്ചത്തെ സംഭവത്തിൽ, ടെലിപ്രോംപ്റ്റർ സ്ഥാപിച്ചിരുന്ന മണൽച്ചാക്കിൽ തട്ടി അദ്ദേഹം വീഴുകയായിരുന്നുവെന്നാണു വിശദീകരണം.
ഒന്നര മണിക്കൂർ വേദിയിൽ നിന്ന ബൈഡൻ 921 കേഡറ്റുകൾക്കു സർട്ടിഫിക്കറ്റും ഹസ്തദാനവും നല്കിയിരുന്നു. വീണയുടൻ അദ്ദേഹത്തെ സുരക്ഷാഭടന്മാർ താങ്ങിയെഴുന്നേൽപ്പിച്ചു. പിന്നീട് സഹായമില്ലാതെയാണു കസേരയിൽ പോയിരുന്നത്.
എൺപതുകാരനായ ബൈഡൻ അടുത്തവർഷത്തെ തെരഞ്ഞെടുപ്പിൽ മത്സരിക്കാനിരിക്കേയുള്ള വീഴ്ച ശ്രദ്ധേയമായി. പ്രായാധിക്യമുള്ള ബൈഡൻ വീണ്ടും പ്രസിഡന്റാകുന്നതിനോട് യുഎസ് ജനതയ്ക്കു താത്പര്യമില്ലെന്നാണ് അഭിപ്രായസർവേകൾ സൂചിപ്പിക്കുന്നത്.