ഫ്രാൻസിൽ കുഞ്ഞുങ്ങൾക്കു നേർക്ക് കത്തിയാക്രമണം; സിറിയക്കാരൻ പിടിയിൽ
Friday, June 9, 2023 12:03 AM IST
പാരീസ്: തെക്കുകിഴക്കൻ ഫ്രാൻസിലെ പാർക്കിൽ സിറിയൻ വംശജൻ നടത്തിയ കത്തിയാക്രമണത്തിൽ മൂന്നു വയസിനടുത്തു പ്രായമുള്ള നാലു കുഞ്ഞുങ്ങൾക്കും രണ്ടു മുതിർന്നവർക്കും പരിക്കേറ്റു.
രണ്ടു കുഞ്ഞുങ്ങളുടെയും ഒരു മുതിർന്നയാളുടെയും നില അതീവ ഗുരുതരമാണ്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച അക്രമിയെ പോലീസ് കാലിനു വെടിവച്ചു പിടികൂടി. സംഭവത്തിനു തീവ്രവാദബന്ധമില്ലെന്നാണു പ്രാഥമിക റിപ്പോർട്ട്.
ഇറ്റാലിയൻ-സ്വിസ് അതിർത്തിക്കടുത്ത അന്നെസി പട്ടണത്തിലെ തടാകത്തോടു ചേർന്ന പാർക്കിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. കത്തിയുമായി എത്തിയ അക്രമി കുഞ്ഞുങ്ങളെ കുത്തുകയായിരുന്നു. രക്ഷിതാക്കൾ ഉന്തുവണ്ടിയിൽ കൊണ്ടുവന്ന കുഞ്ഞുങ്ങളും ആക്രമിക്കപ്പെട്ടു. ഓടിപ്പോയ അക്രമി പിന്നീട് രണ്ടു മുതിർന്നവരെയും കുത്തി.
31 വയസുള്ള അക്രമി ഫ്രാൻസിൽ അഭയം തേടാനുള്ള ശ്രമത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നിലവിൽ ഇയാൾ സ്വീഡനിൽ അഭയാർഥിയാണ്. ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോൺ സംഭവസ്ഥലം സന്ദർശിച്ചു.