ആര്‍ച്ച്ബിഷപ് ജോര്‍ജ് പനന്തുണ്ടില്‍ അഭിഷിക്തനായി
Sunday, September 10, 2023 12:17 AM IST
വത്തിക്കാന്‍സിറ്റി: ഖസാഖിസ്ഥാനിലെ വത്തിക്കാന്‍ സ്ഥാനപതിയായി നിയമിതനായ മലങ്കര കത്തോലിക്കാസഭാ വൈദികന് മോണ്‍. ജോര്‍ജ് പനന്തുണ്ടിലിന്റെ മെത്രാഭിഷേകം സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്നു.
ഇന്നലെ ഇന്ത്യന്‍ സമയം വൈകുന്നേരം അഞ്ചിന് നടന്ന ചടങ്ങുകള്‍ക്ക് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിന് മുഖ്യകാര്‍മികനായിരുന്നു. മോണ്‍. ജോര്‍ജിനോപ്പം ഐവറികോസ്റ്റിലെ പുതിയ സ്ഥാനപതി കൊളംബിയ സ്വദേശി മോണ്‍. മൗറീസിയോ റൂവേഡയും മെത്രാഭിഷേകം സ്വീകരിച്ചു.
മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയും കൊളംബിയന്‍ കര്‍ദിനാള്‍ റൂബന്‍ സലാസര്‍ ഗോമസും സഹകാര്‍മികരായിരുന്നു. ചടങ്ങുകളില്‍ ബിഷപ്പുമാരായ ജ്വോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ജോസഫ് മാര്‍തോമസ്, തോമസ് മാര്‍ യൗസേബിയോസ്, ഫിലിപ്പോസ് മാര്‍ സ്തെഫാനോസ്, ഏബ്രഹാം മാര്‍ ജൂലിയോസ് എന്നിവര്‍ പങ്കെടുത്തു.
ലത്തീന്‍ ക്രമത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനമധ്യേ കര്‍ദിനാള്‍ പരോളിനും സഹകാര്‍മികരായ കര്‍ദിനാള്‍ ക്ലീമിസ് ബാവായും, കര്‍ദിനാള്‍ റൂബിന് സലാസറും നിയുക്ത ആര്‍ച്ച് ബിഷപ്പുമാരുടെ ശിരസില്‍ കൈകള്‍ വച്ചു.
തുടര്‍ന്ന് പോള്‍ ആറാമന്‍ ഹാളില്‍ നിയുക്ത ആര്‍ച്ച്ബിഷപ്പുമാര്‍ക്ക് സ്വീകരണം നല്കി. ഇന്ന് രാവിലെ പുതിയ സ്ഥാനപതിമാരും കുടുംബാംഗങ്ങളും ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തും.
മോണ്‍. ജോര്‍ജ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന സൈപ്രസിലെ വത്തിക്കാന്‍ അംബാസഡര്‍ അദ്ദേഹത്തിന് ഔദ്യോഗികമായ വിരുന്ന് ഒരുക്കിയിട്ടുണ്ട്.