യുക്രെയ്നിൽ റഷ്യൻ ഷെല്ലാക്രമണം; രണ്ടു വിദേശ സന്നദ്ധപ്രവർത്തകർ കൊല്ലപ്പെട്ടു
Monday, September 11, 2023 1:02 AM IST
കീവ്: കിഴക്കൻ യുക്രെയ്നിലെ ചാസിവ് യാർ പട്ടണത്തിനു സമീപം റഷ്യൻ ഷെല്ലാക്രമണത്തിൽ രണ്ടു വിദേശ സന്നദ്ധപ്രവർത്തകർ കൊല്ലപ്പെട്ടു.
റോഡ് ടു റിലീഫ് എന്ന യുക്രെയ്ൻ സന്നദ്ധസംഘടനയുടെ വാനിൽ ഷെൽ പതിച്ചു തീപിടിച്ചു. നാലു പേരായിരുന്നു വാനിലുണ്ടായിരുന്നത്. യുദ്ധമുന്നണിയിൽ പരിക്കേറ്റവരെ ഒഴിപ്പിക്കുന്നതിനു സഹായം നല്കിയിരുന്ന സംഘടനയാണ് റോഡ് ടു റിലീഫ്.
കനേഡിയൻ പൗരൻ ആന്തണി ഇഹ്നാട്ട്, സ്പാനിഷുകാരിയായ എമ്മ ഇഗ്വൽ എന്നിവരാണു മരിച്ചത്. ജർമൻ മെഡിക്കൽ വോളന്റിയർ റുബെൻ മാവിക്, സ്വീഡീഷ് വോളന്റിയർ യൊഹാൻ മത്തിയാസ് തിർ എന്നിവർക്കു ഗുരുതരമായി പരിക്കേറ്റു. ബഖ്മുത്തിലേക്കു പോകുകയായിരുന്നു നാൽവർ സംഘം.