മൊറോക്കോ ഭൂകന്പം: മരണം 2862
Wednesday, September 13, 2023 1:44 AM IST
റബാത്ത്: മൊറോക്കോ ഭൂകന്പത്തിൽ മരണം 2862 ആയി. രക്ഷാപ്രവർത്തകർക്ക് ഇന്നലെയും പല സ്ഥലങ്ങളിലും എത്തിച്ചേരാനായില്ല. വരും ദിവസങ്ങളിൽ മരണസംഖ്യ ഉയർന്നേക്കും.
ഒരു ലക്ഷം കുട്ടികൾ ഭൂകന്പത്തിന്റെ കെടുതികൾ നേരിടുന്നതായി ഐക്യരാഷ്ട്രസഭ അറിയിച്ചു. ഭൂകന്പത്തിന്റെ പ്രഭവകേന്ദ്രമായ അറ്റ്ലസ് മലയോടു ചേർന്ന ഗ്രാമങ്ങളും ചെറുപട്ടണങ്ങളും ഏതാണ്ടു പൂർണമായി തകർന്നു. റോഡുകളിൽ അവശിഷ്ടങ്ങൾ നിറഞ്ഞുകിടക്കുന്നു.
സർക്കാരിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ജനം തൃപ്തരല്ല. ഗ്രാമവാസികൾതന്നെ അവശിഷ്ടങ്ങൾ നീക്കംചെയ്യുന്നുണ്ട്. ദുരന്തത്തെ അതിജീവിച്ച പലർക്കും ഭക്ഷണവും താത്കാലിക താമസ സൗകര്യങ്ങളും ലഭ്യമാക്കാനായിട്ടില്ല.