ചൈനീസ് പ്രതിരോധ മന്ത്രി ജനറൽ ലി വീട്ടുതടങ്കലിൽ?
Saturday, September 16, 2023 12:48 AM IST
ബെയ്ജിംഗ്: ചൈനീസ് പ്രതിരോധമന്ത്രി ജനറൽ ലി ഷാംഗ്ഫുവിന്റെ തിരോധാനത്തിൽ അഭ്യൂഹം ശക്തമാകുന്നു. രണ്ടാഴ്ചയിലധികമായി അദ്ദേഹം പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ട്.
ചൈനീസ് സേനയിലെ ഉന്നതർക്കെതിരേ നടക്കുന്ന അഴിമതി അന്വേഷണത്തിൽ ജനറൽ ലിയും ഉൾപ്പെട്ടിരിക്കാമെന്നാണു പറയുന്നത്.
അദ്ദേഹത്തെ പദവിയിൽനിന്നു നീക്കം ചെയ്തതായി ചൈനീസ്, യുഎസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാഷിംഗ്ടൺ പോസ്റ്റ് പത്രം റിപ്പോർട്ട് ചെയ്തു. ജനറൽ ലിയെ വീട്ടുതടങ്കലിൽ അടച്ചിരിക്കാമെന്നു ജപ്പാനിലെ അമേരിക്കൻ അംബാസഡർ റാം ഇമ്മാനുവൽ അഭിപ്രായപ്പെട്ടു.
വിദേശകാര്യമന്ത്രിയായിരുന്ന ക്വിൻ ഗാംഗ് അപ്രത്യക്ഷനായി മാസങ്ങൾക്കമാണ് ജനറൽ ലിയുടെ തിരോധാനം. ക്വിനിനെ പദവിയിൽനിന്നു നീക്കം ചെയ്തതായി ജൂലൈയിൽ അറിയിപ്പു വന്നെങ്കിലും അദ്ദേഹം ഇതുവരെ പൊതുവേദികളിലെത്തിയിട്ടില്ല. അഴിമതിയുമായി ബന്ധപ്പെട്ടാണു ക്വിനിനെ നീക്കം ചെയ്തതെന്നു പറയുന്നു.
ഓഗസ്റ്റ് 29ന് ബെയ്ജിംഗിൽ, അമേരിക്കയിൽനിന്നുള്ളവരുമായി നടന്ന സുരക്ഷാ യോഗത്തിലാണ് ജനറൽ ലി അവസാനമായി പ്രത്യക്ഷപ്പെട്ടത്. തുടർന്നുള്ള ചില സുപ്രധാന യോഗങ്ങളിൽ അദ്ദേഹത്തിന്റെ അഭാവം ശ്രദ്ധേയമായി. സൈനിക നേതൃത്വത്തിനെതിരേ ഓഗസ്റ്റിൽ ആരംഭിച്ച നടപടികൾക്ക് ജനറൽ ലിയും വിധേയനായിരിക്കാമെന്നു പറയുന്നു.
ക്വിൻ ഗാംഗും ജനറൽ ലിയും മാർച്ചിൽ നിയമിതരായവരാണ്. ഇരുവരും പ്രസിഡന്റ് ഷി ചിൻപിംഗിന്റെ പ്രിയപ്പെട്ടവരും വിശ്വസ്തരുമായിരുന്നു.
ഉന്നതനേതാക്കളുടെ തിരോധാനം ചൈനീസ് ഭരണകൂടത്തിന്റെ സുതാര്യതയില്ലായ്മ ഒരിക്കൽക്കൂടി വ്യക്തമാക്കുന്നതാണ്.