ഡെങ്കി: ബംഗ്ലാദേശിൽ ആയിരം മരണം
Friday, September 29, 2023 12:46 AM IST
ധാക്ക: ഡെങ്കിപ്പനി പടരുന്ന ബംഗ്ലാദേശിൽ ആയിരത്തിലധികം പേർ മരിച്ചതായി റിപ്പോർട്ട്. രണ്ടു മാസമായി രോഗബാധിതരുടെ എണ്ണത്തിൽ വൻ വർധനയുണ്ടായി. ദിവസം കുറഞ്ഞത് 20 പേരെങ്കിലും മരിക്കുന്നുണ്ട്. രോഗവ്യാപനം ചെറുക്കുന്നതിൽ ആരോഗ്യവകുപ്പ് പരാജയപ്പെട്ടതായും പറയുന്നു.
ഡെങ്കി വൈറസിന്റെ വാഹകരായ കൊതുകുകൾ കെട്ടിക്കിടക്കുന്ന മലിനജലത്തിൽ പെരുകുന്നതാണു രോഗവ്യാപനത്തിനു കാരണം. മഴസീസണിൽ ഡെങ്കി പതിവാണെങ്കിലും ഇക്കുറി രോഗം ബാധിക്കപ്പെട്ടവരുടെ പ്രതിരോധശേഷി വല്ലാതെ കുറയുന്നതായി ഡോക്ടർമാർ ചൂണ്ടിക്കാട്ടി. കഴിഞ്ഞ 22 വർഷത്തിൽ മരിച്ചവരേക്കാൾ കൂടുതൽ പേർ ഈ വർഷം മരിക്കുമെന്നാണ് അനുമാനം.
ബംഗ്ലാദേശിലെ 64 ജില്ലകളിൽ ഡെങ്കി റിപ്പോർട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന പറഞ്ഞു. മതിയായ ശുചിത്വസംവിധാനങ്ങളില്ലാത്ത നഗരപ്രദേശങ്ങളിലാണു രോഗം പടരുന്നത്.
തലസ്ഥാനമായ ധാക്ക അടക്കമുള്ള നഗരങ്ങളിലെ ആശുപത്രികൾ ഡെങ്കി രോഗികളെക്കൊണ്ടു നിറഞ്ഞിരിക്കുകയാണ്. കൊതുകുനിവാരണത്തിനായി ജനങ്ങളിൽ അവബോധം വളർത്താനുള്ള ശ്രമങ്ങൾ സർക്കാർ നടത്തുന്നുണ്ട്.