നാസി സൈനികന് ആദരവ്; ട്രൂഡോ മാപ്പു ചോദിച്ചു
Friday, September 29, 2023 12:46 AM IST
ഒട്ടാവ: കനേഡിയൻ പാർലമെന്റ് നാസി പോരാളിയെ ആദരിച്ച സംഭവത്തിൽ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ മാപ്പു ചോദിച്ചു. കാനഡയ്ക്കും അതിന്റെ പാർലമെന്റിനും വലിയ നാണക്കേടുണ്ടായതായി ട്രൂഡോ പറഞ്ഞു. ലോകമാകെ അപലപിക്കപ്പെട്ട സംഭവത്തിൽ കനേഡിയൻ സ്പീക്കർ ആന്റണി റോട്ട കഴിഞ്ഞദിവസം രാജിവച്ചിരുന്നു.
കാനഡ സന്ദർശിച്ച യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കിയുടെ സാന്നിധ്യത്തിലാണു നാസി പോരാളി യാരോസ്ലാവ് ഹുൻക(48)യെ പാർലമെന്റ് അംഗങ്ങൾ എഴുന്നേറ്റു നിന്നു കൈയടിച്ച് അഭിനന്ദിച്ചത്.
ഇദ്ദേഹം കനേഡിയൻ-യുക്രേനിയൻ ഹീറോ ആണെന്നും പറഞ്ഞു. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികളുടെ കീഴിൽ യുക്രെയ്ൻ വംശജർ അംഗങ്ങളായ വാഫൻ എസ്എസ് ഗ്രെനേഡിയർ ഡിവിഷനിൽ അംഗമായിരുന്നു ഹുൻക. ഈ യൂണിറ്റ് പോളിഷുകാരെയും യഹൂദരെയും കൊന്നൊടുക്കിയതായി ആരോപിക്കപ്പെടുന്നു.