മലേഷ്യയിൽ നാവികസേനാ ഹെലികോപ്റ്ററുകൾ തകർന്ന് 10 പേർ മരിച്ചു
Wednesday, April 24, 2024 1:21 AM IST
ക്വലാലംപുര്‍: മലേഷ്യൻ നാവികസേന ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് തകർന്ന് 10 പേർ മരിച്ചു. അടുത്ത മാസം നടക്കാനിരിക്കുന്ന നാവികസേനയുടെ 90- ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി വടക്കൻ പെരാക്ക് സംസ്ഥാനത്തെ നാവികത്താവളത്തിൽ പരിശീലനപ്പറക്കലിനിടെയാണ് അപകടമുണ്ടായത്. ഹെലികോപ്റ്ററിലുണ്ടായിരുന്ന എല്ലാവരും സംഭവസ്ഥലത്തുതന്നെ മരിച്ചു.
പ്രാദേശികസമയം ഇന്നലെ രാവിലെ ഒമ്പതരയോടെ ലുമുത് നാവിക ആസ്ഥാനത്താണു സംഭവം. മൃതദേഹങ്ങള്‍ ലുമുത് നാവിക ആസ്ഥാനത്തെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയതായി റോയല്‍ മലേഷ്യന്‍ നേവി അറിയിച്ചു. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ രൂപവത്കരിക്കുമെന്നും നാവികസേന കൂട്ടിച്ചേര്‍ത്തു.
റോയല്‍ മലേഷ്യന്‍ നേവിയുടെ യൂറോകോപ്റ്റര്‍ AS555SN ഫെനാക്, അഗസ്റ്റ-വെസ്റ്റ്ലാന്‍ഡ് എഡബ്ല്യു-139 എന്നീ ഹെലികോപ്റ്ററുകളാണ് അപകടത്തില്‍പ്പെട്ടത്. കൂട്ടിയിടിക്ക് ശേഷം അഗസ്റ്റ-വെസ്റ്റ്ലാന്‍ഡ് എഡബ്ല്യു-139 ഹെലികോപ്റ്റര്‍ സ്പോര്‍ട്സ് കോംപ്ലക്സ് സ്റ്റേഡിയത്തിന്റെ ഇരിപ്പിടത്തിലേക്കും യൂറോകോപ്റ്റര്‍ AS555SN സമീപത്തെ നീന്തല്‍ക്കുളത്തിലേക്കുമാണ് തകര്‍ന്നുവീണത്.
യൂറോകോപ്റ്ററില്‍ മൂന്നുപേരും അഗസ്റ്റയില്‍ ഏഴുപേരുമാണ് ഉണ്ടായിരുന്നതെന്നും മലേഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ഒരു ഹെലികോപ്റ്റർ ചെരിഞ്ഞുപറന്നപ്പോൾ മറ്റൊന്നിന്റെ ചിറകിൽത്തട്ടുകയായിരുന്നു. അപകടത്തിൽ ഹെലികോപ്റ്ററുകൾ പൂർണമായും തകർന്നു.