അവസരം മുതലാക്കാൻ ഹാക്കർമാർ; സൂക്ഷിക്കണം
Sunday, July 21, 2024 12:12 AM IST
ലണ്ടൻ: കംപ്യൂട്ടർ പ്രതിസന്ധി മുതലാക്കാൻ ക്രിമിനലുകൾ രംഗത്തിറങ്ങാം. ബ്രിട്ടനിലും ഓസ്ട്രേലിയയിലും ഇതു സംബന്ധിച്ച് മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചു.
കംപ്യൂട്ടർ തകരാർ പരിഹരിക്കാനുള്ളത് എന്ന പേരിൽ ഹാക്കർമാർ വ്യാജ സോഫ്റ്റ്വെയറുകൾ ജനങ്ങൾക്ക് അയയ്ക്കുന്നതു ശ്രദ്ധയിൽപ്പെട്ടതായി ഓസ്ട്രേലിയൻ വൃത്തങ്ങൾ അറിയിച്ചു.
കുറേയധികം തട്ടിപ്പു വെബ്സൈറ്റുകൾ പ്രതിസന്ധി പരിഹരിക്കാനെന്ന പേരിൽ വാഗ്ദാനം ചെയ്യുന്ന സഹായത്തിനെതിരേ ജാഗ്രത പുലർത്തണം. ക്രൗഡ്സ്ട്രൈക്കിന്റെ വെബ്സൈറ്റിൽനിന്നേ സഹായം തേടാവൂ എന്നും നിർദേശിച്ചിട്ടുണ്ട്.
ക്രൗഡ്സ്ട്രൈക്കിന്റെയോ മൈക്രോസോഫ്റ്റിന്റെയോ പേരിൽ വ്യാജ ഇ-മെയിലുകൾ ലഭിക്കാമെന്നും ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും ബ്രിട്ടനിലെ നാഷണൽ സൈർ സെക്യൂരിറ്റി സെന്ററും ആവശ്യപ്പെട്ടിട്ടുണ്ട്.