തുടർന്ന് നിരവധി വാഹനങ്ങളുടെ അകന്പടിയോടെ ആറു കിലോമീറ്റർ അകലെയുള്ള വത്തിക്കാൻ സ്ഥാനപതി കാര്യാലയത്തിലേക്ക് മാർപാപ്പ പോയി.
തുറന്ന വാഹനത്തിൽ സഞ്ചരിച്ച മാർപാപ്പയെ റോഡിനിരുവശവും തിങ്ങിനിറഞ്ഞ പതിനായിരക്കണക്കിന് ജനങ്ങൾ ദേശീയ പതാകകളും വത്തിക്കാൻ പതാകകളും വർണക്കുടകളും വഹിച്ച് വരവേറ്റു.
നഗരത്തിലെ ബീച്ചിൽ മാർപാപ്പ ഇന്ന് വിശുദ്ധ കുർബാനയർപ്പിക്കും. കുർബാനയിൽ പങ്കെടുക്കാനായി മൂന്നു ലക്ഷത്തോളം പേർ രജിസ്റ്റർ ചെയ്തിട്ടുള്ളതായി അധികൃതർ പറഞ്ഞു. എങ്കിലും ഏഴര ലക്ഷത്തോളം പേരെങ്കിലും വിശുദ്ധ കുർബാനയിൽ പങ്കെടുക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.
ഇന്തോനേഷ്യക്കെതിരേ നടന്ന 24 വർഷം നീണ്ടുനിന്ന രക്തരൂഷിത കലാപത്തിനൊടുവിലാണ് 2002 മേയ് 20ന് കിഴക്കൻ തിമോർ സ്വതന്ത്രമായത്. രണ്ടു ലക്ഷത്തോളം ജനങ്ങളാണു സംഘർഷങ്ങളിൽ കൊല്ലപ്പെട്ടത്.
പോർച്ചുഗീസുകാർ മടങ്ങിയതിനെത്തുടർന്ന് 1975ൽ പ്രദേശം ഇന്തോനേഷ്യ കീഴടക്കുന്പോൾ 20 ശതമാനം പേർ മാത്രമായിരുന്നു കത്തോലിക്കാ വിശ്വാസികൾ. എന്നാൽ, ഇപ്പോൾ കിഴക്കൻ തിമോറിലെ ജനസംഖ്യയിൽ 98 ശതമാനവും(13 ലക്ഷം) കത്തോലിക്കരാണ്.