ട്രംപ് ഇനി സംവാദത്തിനില്ല
Saturday, September 14, 2024 12:33 AM IST
വാഷിംഗ്ടണ്‍ ഡിസിയില്‍നിന്ന് പി.ടി. ചാക്കോ
മലയാളക്കരയെ കുടുകുടെ ചിരിപ്പിച്ച ‘നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്’ എന്ന സിനിമയിലെ ഓര്‍മകളാണ് കഴിഞ്ഞ ദിവസം ഫിലാഡെൽഫിയയിൽ നടന്ന അമേരിക്കന്‍ പ്രസിഡന്‍ഷ്യൽ സംവാദം വീണ്ടും ഉണര്‍ത്തിയത്. താന്‍ വച്ചിരിക്കുന്ന കൂളിംഗ് ഗ്ലാസ് പ്രത്യേക തരമാണെന്നും ഇതിലൂടെ നോക്കുമ്പോള്‍ ഡ്രസ് കാണില്ലെന്നും നഗ്നശരീരം മാത്രമേ കാണുകയള്ളൂവെന്നും നായിക നാദിയ മൊയ്തു നായകന് മോഹന്‍ ലാലിനോട് പറയുന്ന രംഗം മലയാള സിനിമയിലെ ഏറ്റവും മനോഹരമായ നര്മമുഹൂര്ത്തങ്ങളിലൊന്നാണ്.
ഫിലാഡെല്‍ഫിയയില്‍ നടന്ന പ്രസിഡൻഷ്യൽ സംവാദത്തില്‍ ഡോണള്‍ഡ് ട്രംപിനെ തുറന്നു കാട്ടാന്‍ കമല ഹാരിസിനു സാധിക്കുകയും അവര്‍ മികച്ച വിജയം നേടുകയും ചെയ്തു. സംവാദത്തിൽ കമല മുന്നിട്ടുനിന്നതായി ഒട്ടുമിക്ക അഭിപ്രായവോട്ടെടുപ്പുകളും വിലയിരുത്തി.
തുടര്‍ന്ന് താനിനി സംവാദത്തിനില്ലെന്ന് ട്രംപ് പ്രഖ്യാപിച്ചു. കമല മറ്റൊരു സംവാദത്തിനു വെല്ലുവിളിച്ചു. സിനിമയില്‍ മോഹന്‍ലാല്‍ ഓടിയൊളിച്ചതുപോലെ ട്രംപിനും ഓടിയൊളിക്കേണ്ടി വന്നു. തനിക്കു ക്ഷീണം പറ്റിയെന്ന് ട്രംപിനും ബോധ്യമുണ്ട്. സംവാദത്തില്‍ മോഡറേറ്റര്‍മാര്‍ ഉള്‍പ്പെടെ മൂന്നു പേരെയാണു നേരിട്ടതെന്ന് ട്രംപ് ന്യായം കണ്ടെത്തി.
6.7 കോടി പേരാണ് സംവാദം വീക്ഷിച്ചത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പ്രസിഡൻഷ്യൽ സംവാദത്തിന് ഏറെ പ്രാധാന്യമുണ്ട്. ജോണ്‍ എഫ്. കെന്നഡിയും ബറാക്ക് ഒബാമയുമൊക്കെ സംവാദത്തില്‍ മിന്നുന്ന പ്രകടനം നടത്തിയാണ് വൈറ്റ് ഹൗസിലെത്തിയത്.
എന്നാല്‍ 2016ല്‍ നടന്ന സംവാദത്തില്‍ ഹില്ലരി ക്ലിന്റണ് മികച്ച പ്രകടനം നടത്തിയെങ്കിലും ട്രംപാണ് തെരഞ്ഞെടുപ്പില്‍ ജയിച്ചതെന്ന് റിപ്പബ്ലിക്കന്മാര് ആശ്വസിക്കുന്നു. അദ്ദേഹം ശക്തമായി തിരിച്ചുവരുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന മിക്ക സര്‍വേകളിലും കമല ഹാരിസ് മുന്നില്‍ തന്നെയാണ്.
പതിവുപോലെ കാടുകയറിയാണ് ട്രംപ് സംസാരിച്ചത്. കമല ട്രാക്കില്‍ ഉറച്ചുനിന്നു. മികച്ച പ്രോസിക്യൂട്ടറെന്ന പേരുള്ള കമല ട്രംപിന്റെ പിഴവുകള്‍ മുതലെടുത്ത് അവയെ ആക്രമിച്ചു.
സംവാദത്തിനിടയില്‍ ട്രംപ് ഉന്നയിച്ച ആരോപണങ്ങളില്‍ മാധ്യമങ്ങള്‍ ഉടനടി വസ്തുതാപരിശോധന നടത്തി. അടിസ്ഥാനരഹിതമായ 30 അവകാശവാദങ്ങള്‍ ട്രംപ് നടത്തിയതായി സിഎന്‍എന്‍ ചാനല്‍ കണ്ടെത്തി; കമല ഒരെണ്ണവും.
ഫണ്ട് സമാഹരണത്തിലും കമല മുന്നിട്ടുനില്‍ക്കുന്നു. 61.50 കോടി ഡോളര്‍ കമലയ്ക്ക് ഇതിനോടകം ലഭിച്ചപ്പോള്‍ ട്രംപിനു 30 കോടി ഡോളറാണ് ലഭിച്ചത്. ഇതും കമലയ്ക്ക് അനുകൂലമായ മറ്റൊരു സൂചകമാണ്.