ഇസ്രേലി ആക്രമണത്തിൽ യുഎൻ സേനാംഗങ്ങൾക്കു പരിക്ക്
Friday, October 11, 2024 12:03 AM IST
ബെയ്റൂട്ട്: തെക്കൻ ലബനനിൽ ഇസ്രേലി സേന നടത്തിയ ആക്രമണത്തിൽ രണ്ടു യുഎൻ സമാധാന സേനാംഗങ്ങൾക്കു പരിക്കേറ്റു. നക്കൗരയിലെ സമാധാനസേനാ ഹെഡ്ക്വാർട്ടേഴ്സിനു നേർക്ക് ഇസ്രേലി ടാങ്കുകൾ വെടിവയ്ക്കുകയായിരുന്നു. ഇവിടുത്തെ വാച്ച്ടവറിലുണ്ടായിരുന്ന സൈനികർക്കാണു പരിക്കേറ്റത്. സൈനികരുടെ നില ഗുരുതരമല്ല.
റാസ് നക്കൗരയിലെ യുഎൻ സമാധാനസേനാ ആസ്ഥാനവും ഇസ്രേലി സേന ആക്രമിച്ചു. സമാധാനസേനാംഗങ്ങളുടെ ബങ്കറിനു നേർക്കായിരുന്നു ആക്രമണം. വാഹനങ്ങളും ആശയവിനിമയ സംവിധാനങ്ങളും തകർന്നു. നിരീക്ഷണ കാമറകൾ വെടിവച്ചു നശിപ്പിച്ചു.
സമാധാനസേനയ്ക്കു നേർക്കുള്ള ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് യുഎൻ സേന പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.