പാക് ഖനിയിൽ ആക്രമണം; 20 തൊഴിലാളികൾ കൊല്ലപ്പെട്ടു
Saturday, October 12, 2024 1:49 AM IST
ഇസ്ലാമബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ കൽക്കരി ഖനി തൊഴിലാളികൾക്കു നേർക്കുണ്ടായ ആക്രമണത്തിൽ 20 പേർ കൊല്ലപ്പെടുകയും ആറു പേർക്കു പരിക്കേൽക്കുകയും ചെയ്തു. ഡുകി ജില്ലയിലെ ജുനൈദ് കോൾ കന്പനി ഖനിയിൽ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം.
തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തെത്തിയ നാല്പതോളം അക്രമികൾ വെടിയുതിർക്കുകയായിരുന്നു. ഗ്രനേഡുകളും റോക്കറ്റ് ലോഞ്ചറുകളും ആക്രമണത്തിന് ഉപയോഗിച്ചതായി പോലീസ് പറഞ്ഞു. ഖനിയിലെ യന്ത്രോപകരണങ്ങളും നശിപ്പിച്ച അക്രമികൾ രക്ഷപ്പെട്ടു.
ആക്രമണത്തിനു പിന്നിൽ ആരാണെന്നു വ്യക്തമല്ല. ബലൂചിസ്ഥാനു സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന ബലൂച് വിമോചന സേന എന്ന ഭീകരസംഘടനയാണ് സാധാരണ ഇത്തരം ആക്രമണങ്ങൾ നടത്താറുള്ളത്. അക്രമികൾ പഷ്തു ഭാഷയാണു സംസാരിച്ചത്. കൊല്ലപ്പെട്ടവരിൽ നാലു പേർ അഫ്ഗാൻ പൗരന്മാരും മറ്റുള്ളവർ പഷ്തു സംസാരിക്കുന്ന ബലൂചിസ്ഥാൻ സ്വദേശികളുമാണ്.
ബലൂച് വിമോചനസേന തിങ്കളാഴ്ച കറാച്ചി തുറമുഖത്തു നടത്തിയ ചാവേറാക്രമണത്തിൽ രണ്ട് ചൈനീസ് പൗരന്മാർ കൊല്ലപ്പെടുകയും 10 പേർക്കു പരിക്കേൽക്കുകയുമുണ്ടായി. ഇവർ ഓഗസ്റ്റിൽ നടത്തിയ വിവിധ ആക്രമണങ്ങളിൽ അന്‍പതിലധികം പേർ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെ പാക് സുരക്ഷാസേന നടത്തിയ ആക്രമണത്തിൽ 21 ഭീകരർ കൊല്ലപ്പെട്ടു.