അറബ് രാജ്യങ്ങൾക്ക് ഇറാന്റെ മുന്നറിയിപ്പ്
Saturday, October 12, 2024 1:49 AM IST
വാഷിംഗ്ടൺ ഡിസി: ഇറാനെ ആക്രമിക്കാനുള്ള ഇസ്രേലി നീക്കങ്ങൾക്കു സഹായം നൽകരുതെന്ന് പശ്ചിമേഷ്യയിലെ അമേരിക്കൻ സഖ്യരാജ്യങ്ങൾക്ക് ഇറാൻ മുന്നറിയിപ്പു നൽകിയതായി വാൾസ്ട്രീറ്റ് ജേർണൽ പത്രം റിപ്പോർട്ട് ചെയ്തു.
സൗദി, യുഎഇ, ജോർദാൻ, ഖത്തർ മുതലായ രാജ്യങ്ങൾക്ക് നയതന്ത്ര ചാനലിലൂടെയാണ് മുന്നറിയിപ്പു നൽകിയത്.
മാസാദ്യം ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്നാണ് ഇസ്രയേൽ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇറാനെതിരായ ആക്രമണത്തിന് തങ്ങളുടെ ആകാശമോ സൈനിക സംവിധാനങ്ങളോ ഉപയോഗപ്പെടുത്തുന്നതിൽ വിമുഖത ഉള്ളതായി അറബ് രാജ്യങ്ങൾ അമേരിക്കയെ അറിയിച്ചതായും റിപ്പോർട്ടുണ്ട്.
ഇസ്രേലി യുദ്ധവിമാനങ്ങളെ തങ്ങളുടെ ആകാശത്തു പറക്കാൻ അനുവദിക്കില്ലെന്ന് സൗദി, ഖത്തർ, യുഎഇ രാജ്യങ്ങൾ അമേരിക്കയോടു പറഞ്ഞതായി റോയിട്ടേഴ്സിന്റെ റിപ്പോർട്ടിൽ പറയുന്നു.
ഇറാനും ഇസ്രയേലും തമ്മിൽ സംഘർഷം വർധിക്കുന്നത് തങ്ങളുടെ എണ്ണവ്യവസായത്തെ ബാധിക്കുമെന്ന ആശങ്കയും അറബ് രാജ്യങ്ങൾക്കുണ്ട്.