സമാധാന നൊബേൽ ആണവവിരുദ്ധ കൂട്ടായ്മയ്ക്ക്
Saturday, October 12, 2024 2:12 AM IST
ഓസ്ലോ: ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക നടത്തിയ അണുബോംബ് സ്ഫോടനത്തിലെ അതിജീവിതരുടെ കൂട്ടായ്മയ്ക്ക് ഈ വർഷത്തെ സമാധാന നൊബേൽ.
ആണവായുധങ്ങൾക്കെതിരേയുള്ള ചെറുത്തുനിൽപ്പും പ്രചാരണവും പരിഗണിച്ചാണ് ജപ്പാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന നിഹോണ്‍ ഹിഡാൻക്യോയ്ക്കു പുരസ്കാരം സമ്മാനിക്കുന്നത്.
സമ്മർദഘട്ടങ്ങളിൽ ആണവായുധങ്ങൾ പ്രയോഗിക്കുകയെന്നതു വലിയ പാപമാണെന്ന വിലയിരുത്തലിലാണു പുരസ്കാരം സമ്മാനിക്കുന്നതെന്ന് നൊബേൽ പുരസ്കാര സമിതി അധ്യക്ഷൻ ജോർജെൻ വാറ്റ്നി ഫ്രൈഡ്നസ് പറഞ്ഞു.
അംഗങ്ങളുടെ ശാരീരികവും മാനസികവുമായ വേദനകൾക്കിടയിലും അനുഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള പഠനപ്രചാരണങ്ങളിലൂടെ അണ്വായുധ വ്യാപനത്തിനും ഉപയോഗത്തിനും എതിരേ പ്രവർത്തിച്ച് ലോകത്തെ ബോധവത്കരിക്കാൻ ഹിബാകുഷ എന്ന പേരിലും അറിയപ്പെടുന്ന സംഘടന വലിയ പങ്കുവഹിച്ചെന്ന് നൊബേൽ കമ്മിറ്റി കണ്ടെത്തി.
1956ലാണ് നിഹോൺ ഹിഡാൻക്യോ രൂപീകൃതമായത്. അണുബോംബ് വർഷത്തെത്തുടർന്ന് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് സർക്കാരിന്റെ പിന്തുണ തേടിയായിരുന്നു സംഘടനയുടെ തുടക്കം. 11 ദശലക്ഷം സ്വീഡിഷ് ക്രോണോർ (പത്തുലക്ഷം ഡോളർ) ആണ് നൊബേൽ സമ്മാനത്തുക.