വാൾസ്ട്രീറ്റ് ജേർണലിനും മർഡോക്കിനും എതിരേ 1000 കോടി ഡോളറിന്റെ മാനനഷ്ടക്കേസുമായി ട്രംപ്
Saturday, July 19, 2025 11:55 PM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ പ്രമുഖ ദിനപത്രമായ വാൾസ്ട്രീറ്റ് ജേർണൽ, അതിന്റെ മാതൃസ്ഥാപനമായ ഡൗ ജോൺസ് കന്പനി, ഉടമ റൂപ്പർട്ട് മർഡോക്ക് എന്നിവർക്കെതിരേ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് 1000 കോടി ഡോളറിന്റെ മാനനഷ്ടക്കേസ് ഫയൽ ചെയ്തു.
ലൈംഗികപീഡനക്കേസുകളിൽ ജയിലിൽ കഴിയവേ ആത്മഹത്യ ചെയ്തുവെന്നു പറയുന്ന ജഫ്രി എപ്സ്റ്റെയിന്, 2003ൽ ട്രംപ് ജന്മദിന ആശംസകൾ നേർന്ന് അയച്ചെന്ന് ആരോപിക്കപ്പെടുന്ന കത്ത് വാൾസ്ട്രീറ്റ് ജേർണൽ പ്രസിദ്ധീകരിച്ചതിന്റെ പേരിലാണ് കേസ്.
ട്രംപ് ഭരണകൂടം എപ്സ്റ്റെയിൻ കേസ് കൈകാര്യം ചെയ്തതിൽ ട്രംപിന്റെ അനുയായികളിലൊരു വിഭാഗം കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരിക്കേയാണ് സംഭവം. പ്രായപൂർത്തിയാകാത്തവരടക്കമുള്ള പെൺകുട്ടികളെ പീഡിപ്പിക്കുകയും ഉന്നതർക്കു കാഴ്ചവയ്ക്കുകയും ചെയ്തുവെന്ന ആരോപണം നേരിട്ട എപ്സ്റ്റെയിനെ 2019ൽ ന്യൂയോർക്കിലെ ജയിലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ആത്മഹത്യയെന്നാണ് ഔദ്യോഗിക വിശദീകരണം. എപ്സ്റ്റെയിൻ കേസ് രേഖകളിൽ അമേരിക്കൻ രാഷ്ട്രീയത്തിലെയും മറ്റു മേഖലകളിലെയും ഉന്നതരുടെ പേരുകൾ പരാമർശിച്ചിട്ടുണ്ടെന്നാണ് അഭ്യൂഹം. അനുയായികളുടെ ആവശ്യം സമ്മർദമായ പശ്ചാത്തലത്തിൽ കേസ് രേഖകൾ പുറത്തുവിടാൻ ട്രംപ് ഭരണകൂടം കോടതിയുടെ അനുമതി തേടിയിരിക്കുകയാണ്.
ഇതിനിടെയാണ് ട്രംപും എസ്പ്സ്റ്റെയിനും തമ്മിലുള്ള ബന്ധത്തെക്കുറിച്ച ു സൂചന നല്കുന്ന കത്ത് വാൾസ്ട്രീറ്റ് ജേർണൽ വ്യാഴാഴ്ച പ്രസിദ്ധീകരിച്ചത്. എപ്സ്റ്റെയിന്റെ 50-ാം ജന്മദിനത്തിൽ ആശംസ നേർന്നു നല്കിയ കത്തിൽ അശ്ലീലമുണ്ടെന്നാണ് പത്രം പറയുന്നത്. നഗ്നയായ സ്ത്രീയുടെ ചിത്രത്തിനുള്ളിൽ ടൈപ്പ് ചെയ്ത രീതിയിലായിരുന്നത്രേ സന്ദേശം.
വ്യാജവാർത്ത പ്രസിദ്ധീകരിച്ചതു മൂലം തനിക്കു മാനഹാനിയും സാന്പത്തികനഷ്ടവും ഉണ്ടായി എന്നാരോപിച്ചാണ് മയാമിയിലെ ഫെഡറൽ കോടതിയിൽ ട്രംപ് കേസ് കൊടുത്തിരിക്കുന്നത്. വാൾസ്ട്രീറ്റിന്റെ രണ്ടു റിപ്പോർട്ടർ, മർഡോക്കിന്റെ ന്യൂസ് കോർപ് കന്പനി, കന്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് റോബർട്ട് തോംസൺ എന്നിവരും കേസിൽ പ്രതികളാണെന്ന് ആരോപിക്കുന്നു.
കത്തിലെ വാക്കുകൾ തന്റേതല്ലെന്നും ഇങ്ങനയല്ല താൻ സംസാരിക്കാറുള്ളതെന്നും താൻ പടം വരയ്ക്കാറില്ലെന്നും ട്രംപ് പ്രതികരിച്ചിരുന്നു. ഇതു സംബന്ധിച്ച വാർത്ത പ്രസിദ്ധീകരിക്കരുതെന്ന് മർഡോക്കിനും പത്രത്തിനും മുന്നറിയിപ്പു നല്കിയിരുന്നുവെന്നും ട്രംപ് പറഞ്ഞു.
അതേസമയം, ജെഫ്രി എപ്സ്റ്റെയിനുമായുള്ള ബന്ധം 2006ൽ അവസാനിപ്പിച്ചുവെന്നാണ ട്രംപ് അവകാശപ്പെടുന്നത്. ട്രംപും എപ്സ്റ്റെയിനും ഒരുമിച്ചു നിൽക്കുന്ന ധാരാളം ഫോട്ടോകൾ തൊണ്ണൂറുകളിൽ പുറത്തു വന്നിരുന്നു.