അരിവില നിയന്ത്രിക്കാനാകുന്നില്ല; ജപ്പാൻ സർക്കാർ ഭീഷണിയിൽ
Sunday, July 20, 2025 2:45 AM IST
ടോക്കിയോ:സെനറ്റിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്നു നടക്കാനിരിക്കെ അരി വില ഉയരുന്നത് ജപ്പാനിലെ ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി(എൽഡിപി)ക്കു തിരിച്ചടിയാകുമെന്ന് പ്രവചനം.
124 അംഗ സെനറ്റിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ ഭരണകക്ഷിക്ക് 35 സീറ്റേ ലഭിക്കൂവെന്നാണ് പ്രവചനം. ഇതോടെ സർക്കാരിന് ഭൂരിപക്ഷം നഷ്ടമാകും. നിലവിൽ എൽഡിപിക്ക് സെനറ്റിൽ 57 സീറ്റാണുള്ളത്.
കഴിഞ്ഞ ഒരു വർഷമായി അരി വില ഉയരുകയാണ്. ഒരു വർഷത്തെ അപേക്ഷിച്ച് ഇപ്പോൾ വില ഇരട്ടിയായി. വിലക്കയറ്റം നിയന്ത്രിക്കാൻ പ്രധാനമന്ത്രി ഷിഗെരു ഇഷിബ നടപടികൾ സ്വീകരിച്ചെങ്കിലും ഫലംകണ്ടില്ല. ഇതോടെ ജനങ്ങളിൽ അതൃപ്തി ശക്തമാകുകയും ചെയ്തു.
തെരഞ്ഞെടുപ്പുപ്രചാരണത്തിൽ അരി വിലവർധനവായിരുന്നു മുഖ്യവിഷയം. 1955 മുതൽ തുടർച്ചയായി അധികാരത്തിലുള്ള എൽഡിപി അരി വിലവർധനയ്ക്കു പരിഹാരമായി നെൽകൃഷി വ്യാപകമാക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.