ഓട്ടോസ്പോട്ട് / ഐബി
2016 നവംബർ എട്ടിലെ കറൻസി റദ്ദാക്കലിന്റെ പ്രത്യാഘാതങ്ങളിൽനിന്ന് ഒരു ഫീനിക്സ് പക്ഷിയേപ്പോലെ ഇന്ത്യൻ വാഹനവിപണി ചിറകു കുടഞ്ഞെഴുന്നേറ്റു കുതിക്കുന്ന കാഴ്ചയാണ് 2017 അവസാനിക്കുന്പോൾ കാണാനാകുന്നത്. 2017ന്റെ ആദ്യമാസങ്ങളിൽ വിപണിക്കു തളർച്ച നേരിട്ടെങ്കിലും പിന്നീട് വിപണി കരുത്താർജിച്ചു. ഒപ്പം ഒരുപിടി പുതുമോഡലുകളും 2017 ഇന്ത്യൻ വാഹനപ്രേമികൾക്കു സമ്മാനിച്ചു. ഈ വർഷം ഇറങ്ങിയ ചില പ്രധാന മോഡലുകളിലേക്കൊന്നു തിരിഞ്ഞുനോക്കാം.
ജീപ് കോംപാസ്
ഇന്ത്യയെ ഞെട്ടിച്ച്, ആകാംക്ഷയോടെ കാത്തിരുത്തിയ എസ്യുവി. അമേരിക്കൻ കമ്പനിയായ ജീപ് മേക്ക് ഇൻ ഇന്ത്യ പരിവേഷത്തോടെ ഇന്ത്യയിൽ എത്തിച്ച ആദ്യ മോഡൽ. ആഗോള വിപണിയിലേക്കും ഇന്ത്യയിൽനിന്ന് കോംപാസ് കപ്പൽ കയറി. ഏറ്റവുമധികം മത്സരമുള്ള വിഭാഗത്തിൽ ആകർഷകമായ വിലയിൽ കൂടുതൽ മികച്ച സൗകര്യങ്ങൾ വാഗ്ദാനം ചെയ്താണ് പിറവി.
എൻജിൻ: 1.4 ലിറ്റർ മൾട്ടി എയർ ടർബോ പെട്രോൾ, 2.0 ലിറ്റർ മൾട്ടി ജെറ്റ് ടർബോ ഡീസൽ
വില: `14.95 ലക്ഷം മുതൽ
മാരുതി സുസുകി ഡിസയർ
ഇന്ത്യൻ വിപണിയിൽ കുതിപ്പു തുടരുന്ന ഡിസയറിനെ പുതിയ രൂപത്തിലും ഭാവത്തിലും മാരുതി സുസുകി അവതരിപ്പിച്ചു. എല്ലാ കാർ നിർമാതാക്കളുടെയും സാന്നിധ്യമുള്ള കോംപാക്ട് സെഡാൻ വിഭാഗത്തിലാണ് ഡിസയറുമുള്ളത്. പതിറ്റാണ്ടുകളായി ബെസ്റ്റ് സെല്ലിംഗ് പട്ടികയിൽ കുതിക്കുന്ന മാരുതിയുടെതന്നെ ആൾട്ടോയെ പിന്തള്ളാനും ഡിസയറിനു കഴിഞ്ഞു. ഹെഡ്ലാന്പ് ക്ലസ്റ്റർ, ഉരുണ്ട ഫ്രണ്ട് ഗ്രിൽ, ഫ്ലോവിംഗ് ലൈനുകൾ തുടങ്ങിയവയൊക്കെ മുഖം മിനുക്കിയ ഡിസയറിനെ ആകർഷകമാക്കുന്നു. വിപണിയിലെത്തി അഞ്ചു മാസത്തിനുള്ളിൽ ഒരു ലക്ഷം ഡിസയറുകൾ നിരത്തിലിറങ്ങി.
വില: `5.43 ലക്ഷം മുതല്
ഹ്യുണ്ടായി വെർണ
പഴയ വെർണ മോഡലിന് വിപണിയിൽ തളർച്ച നേരിട്ടപ്പോഴാണ് അടിമുടി മാറ്റങ്ങളും കൂടുതൽ ഫീച്ചറുകളും ഉൾക്കൊള്ളിച്ച് ഹ്യുണ്ടായി പുതിയ വെർണയെ അതായത് അഞ്ചാം തലമുറ വെർണയെ വിപണിയിലെത്തിച്ചത്. മാരുതി സുസുകി സിയാസും ഹോണ്ട സിറ്റിയും അടക്കിവാഴുന്ന പ്രീമിയം സെഡാൻ വിഭാഗത്തിലാണ് ഈ മോഡലും ഉൾപ്പെടുക. പുതുതായി വികസിപ്പിച്ചെടുത്ത കെ2 പ്ലാറ്റ്ഫോമിലാണ് ഈ മോഡലിന്റെ പിറവി. പുതിയ മേക്കോവറിന്റെ ഭാഗമായി ഇന്ത്യൻ കാർ ഓഫ് ദി ഇയർ അവാർഡും നെക്സ്റ്റ് ജെൻ വെർണയ്ക്കു ലഭിച്ചു.
എൻജിൻ: 1.6 ലിറ്റർ പെട്രോൾ, 1.6 ഡീസൽ
വില: `7.99 ലക്ഷം മുതൽ
റെനോ കാപ്ചർ
എസ്യുവി സ്റ്റൈലിലുള്ള കുഞ്ഞൻ ഹാച്ച്ബാക്കായ ക്വിഡിനെ വിപണിയിലെത്തിച്ച് ഇന്ത്യൻ വിപണിയെ കൈയിലെടുത്ത പാരന്പര്യമുണ്ട് റെനോയ്ക്ക്. കോംപാക്ട് എസ്യുവി വിഭാഗത്തിൽ കമ്പനിയുടെ ഡസ്റ്ററും മികച്ച നിലവാരത്തിൽ മുന്നേറുന്നു. എന്നാൽ, പ്രീമിയും സെഗ്മെന്റിലൊരു മോഡൽ കമ്പനി ഇപ്പോഴാണ് അവതരിപ്പിക്കുന്നത്, കാപ്ചർ. ക്രോസ് ഓവർ സ്റ്റൈലിയിൽ പ്രീമിയം സൗകര്യങ്ങളും ഫീച്ചറുകളും കാപ്ചറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എൻജിൻ: 1.5 ലിറ്റർ കെ2കെ ഡീസൽ എൻജിൻ, 1.5 ലിറ്റർ എച്ച്2കെ പെട്രോൾ എൻജിൻ
വില: `9.99 ലക്ഷം മുതൽ
ടാറ്റാ നെക്സോൺ
ഈ വർഷം മധ്യത്തോടെ സബ് കോംപാക്ട് എസ്യുവി വിഭാഗത്തിൽ ടാറ്റ അവതരിപ്പിച്ച മോഡൽ. മാരുതിയുടെ വിറ്റാര ബ്രസയ്ക്ക് ശക്തനായ എതിരാളിയാവാൻ നെക്സോണിനു കഴിഞ്ഞു. ഇതുവരെയുള്ള മോഡലുകളിൽനിന്നു വ്യത്യസ്തമായി ഒട്ടനവധി പുതുമകൾ പുതിയ മോഡലുകളിലെല്ലാംതന്നെ ഉൾക്കൊള്ളിക്കാൻ ടാറ്റാ മോട്ടോഴ്സിനു കഴിഞ്ഞിട്ടുണ്ട്.
എൻജിൻ: 1.2 ലിറ്റർ ടർബോ ചാർജ്ഡ് റെവോട്രോൺ പെട്രോൾ എൻജിൻ, 1.5 ലിറ്റർ ടർബോ ചാർജ്ഡ് റെവോടോർക്ക് ഡീസൽ എൻജിൻ.
വില: `5.85 ലക്ഷം മുതല്
ഫോർഡ് എക്കോസ്പോട്ട് ഫേസ്ലിഫ്റ്റ്
ആദ്യമോഡലിന്റെ പോരായ്മകൾ പരിഹരിച്ചും കൂടുതൽ ഫീച്ചറുകൾ ഉൾപ്പെടുത്തിയുമാണ് എക്കോസ്പോട്ട് ഫേസ്ലിഫ്റ്റ് അവതരിപ്പിച്ചത്. പുതിയ എക്സ്റ്റീരിയർ, ഇന്റീരിയർ ഡിസൈനും പുതിയ എൻജിനുമാണ് ഫേസ്ലിറ്റിന്റെ പ്രത്യേകത.
എൻജിൻ: 1.5 ലിറ്റർ ടിഡിസിഐ ഡീസൽ എൻജിൻ, 1.5 ലിറ്റർ ടിഐ-വിസിടി പെട്രോൾ എൻജിൻ.
വില: `7.31 ലക്ഷം മുതൽ
ഹോണ്ട ഡബ്ല്യുആർവി
പ്രീമിയം ഹാച്ച്ബാക്ക് ജാസിന്റെ ക്രോസ് ഓവർ വേർഷൻ. സൺറൂഫ്, ഫുള്ളി ഫോൾഡബിൾ കാർ സീറ്റുകൾ, ഓട്ടോമാറ്റിക് എസി, ക്രൂയിസ് കൺട്രോൾ, പവർ ഫോൾഡിംഗ് ആൻഡ് അഡ്ജസ്റ്റബിൾ ഒആർവിഎമ്മുകൾ തുടങ്ങിയവയാണ് പുതിയ ഫീച്ചറുകൾ.
എൻജിൻ: 1.5 ലിറ്റർ ഐ-ഡിടെക് ഡീസൽ, 1.2 ലിറ്റർ ഐ-വിടെക് പെട്രോൾ
വില: `7.67 ലക്ഷം മുതൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.