ഓട്ടോസ്പോട്ട് /ഐബി
സെഗ്മെന്റിൽ മറ്റൊരു വാഹനത്തിനും അവകാശപ്പെടാനില്ലാത്ത ഒരുപിടി നൂതന സംവിധാനങ്ങളോടെയാണ് റെനോ ഇന്ത്യ തങ്ങളുടെ ജനപ്രിയ ചെറുകാറായ ക്വിഡിന്റെ പുതിയ പതിപ്പ് ഇന്ത്യൻ വാഹനപ്രേമികൾക്കായി അവതരിപ്പിച്ചത്. റിവേഴ്സ് പാർക്കിംഗ് കാമറ, 7 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം മുതലായവ ക്വിഡിനു മാത്രം അവകാശപ്പെടാനുള്ളതാണ്. 2018 ക്വിഡ് മോഡലിന്റെ സ്പോർട്ടി വേരിയന്റായ ക്ലൈംബറിന്റെ ഓട്ടോമാറ്റിക് പതിപ്പാണ് ഓട്ടോസ്പോട്ടിനുവേണ്ടി ഡ്രൈവ് ചെയ്തത്.
പുറംമോടി
എസ്യുവി ഇൻസ്പയേർഡ് ഡിസൈൻ തന്നെയാണ് ക്വിഡിന്റെ പ്രധാന മുഖമുദ്ര. ബ്ലാക്ക് ഗ്രില്ലിനുള്ളിൽ റെനോയുടെ ഡയമണ്ട് ലോഗോ ഉൾപ്പെടുത്തിയിരിക്കുന്നു. അതേസമയം, മറ്റു വേരിയന്റുകളിൽ റേസർ എഡ്ജ് ക്രോം ഗ്രില്ലാണ് നല്‍കിയിട്ടുള്ളത്. ഓറഞ്ച് നിറമുള്ള ഒൗട്ട്സൈഡ് റിയർ വ്യൂ മിററുകൾ, ഓറഞ്ച് സേർട്ടുകളുള്ള എയർഡാം ക്ലാഡിംഗ് തുടങ്ങിയവ ക്ലൈംബറിന്റെ ഭംഗി ഉയർത്തുന്നുണ്ട്. കറുത്ത റൂഫ് റെയിലിലും ഓറഞ്ച് ഇൻസേർട്ടുകളുണ്ട്. കൂടാതെ ഫെൻഡർ ക്ലാഡിംഗിൽ ടേണ്‍ ഇൻഡിക്കേറ്ററും ഇടംപിടിച്ചിരിക്കുന്നു.
വലുപ്പം
3,679 എംഎം നീളവും 1,579 എംഎം വീതിയും 1,478 എംഎം ഉയരവുമുള്ള ക്വിഡിന്റെ വീൽബേസ് 2,422 എംഎം ആണ്. ഗ്രൗണ്ട് ക്ലിയറൻസ് ആവട്ടെ 180 എംഎം.
ഇന്റീരിയർ
ബ്ലാക്ക് തീം ഇന്റീരിയറിൽ സുഖകരമായ യാത്ര പ്രദാനംചെയ്യുന്ന വിധത്തിൽ ലെഗ്സ്പേസ് ഉയർത്തിയിട്ടുണ്ട്. കൂടാതെ 4-വേ അഡ്ജസ്റ്റബിൾ മുൻ സീറ്റ്, ചെറിയ സ്റ്റിയറിംഗ് വീൽ, മാന്വൽ എസി കണ്ട്രോൾ യൂണിറ്റ്, റിയർ ആം റെസ്റ്റ്, കുഷ്യൻ സീറ്റുകൾ എന്നിവ എടുത്തുപറയാവുന്ന പ്രത്യേകതകളാണ്. പൂർണമായും ഓട്ടോമാറ്റിക് ആയാണ് ടോപ് വേരിയന്റുകൾ അവതരിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ഗിയർ ലിവർ ഇല്ല. പകരം, സെൻട്രൽ കണ്‍സോളിൽ പവർ വിൻഡോ, സെൻട്രൽ ലോക്കിംഗ് സിസ്റ്റം സ്വിച്ചുകൾക്കൊപ്പം ഗിയർ ഷിഫ്റ്റിംഗ് നോബ് ഉൾക്കൊള്ളിച്ചിട്ടുണ്ട്. റിവേഴ്സ്, ന്യൂട്രൽ, ഡ്രൈവ് ഓപ്ഷനുകളാണ് ഈ നോബിലുള്ളത്. ക്ലൈംബറിൽ ഒൗട്ട്സൈഡ് റിയർവ്യൂ മിററിൽ നല്‍കിയിരിക്കുന്ന ഓറഞ്ച് നിറം ഡോർ പാനലിലും എസി വെന്റുകളിലും സീറ്റുകളിലും നല്‍കിയിട്ടുണ്ട്. മറ്റു വേരിയന്റുകളിലാവട്ടെ ഇവിടെ ക്രോം ഫിനിഷിംഗ് ആണ് വരിക. മുന്നിലും പിന്നിലും 12V ചാർജിംഗ് പോർട്ടുമുണ്ട്.
300 ലിറ്റർ ബൂട്ട് സ്പേസ് പിൻബെഞ്ച് മടക്കിയാൽ 1,115 ലിറ്ററായി ഉയർത്താം.
മികച്ച ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ
7 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റമാണ് സെൻട്രൽ കണ്‍സോളിന്റെ മുഖമുദ്ര. ഈ സെഗ്മെന്റിലുള്ള മറ്റൊരു വാഹനവും വാഗ്ദാനം ചെയ്യാത്ത വിധത്തിൽ റിവേഴ്സ് പാർക്കിംഗ് കാമറ, നാവിഗേഷൻ സിസ്റ്റം, ഹാൻഡ്സ് ഫ്രീ ടെലിഫോണി, ബ്ലൂടൂത്ത് ഓഡിയോ സ്ട്രീമിംഗ് തുടങ്ങിയ സംവിധാനങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. കൃത്യമായ വിവരങ്ങൾ ശബ്ദസന്ദേശമായി നല്‍കാനും നാവിഗേഷൻ സംവിധാനത്തിനു കഴിയും. ഡ്രൈവിംഗ് അനുബന്ധ വിവരങ്ങൾ നല്കാൻ കഴിയുന്ന ഓണ്‍ബോർഡ് ട്രിപ് കംപ്യൂട്ടറും ഇതിലുണ്ട്.
എൻജിൻ
0.8 ലിറ്റർ, 1.0 ലിറ്റർ എൻജിൻ ഓപ്ഷനുകളിലായി ക്വിഡിന്റെ 14 വേരിയന്റുകളാണ് റെനോ അവതരിപ്പിച്ചിരിക്കുന്നത്. എയർ ടു ഫ്യുവൽ അനുപാതത്തിനായി സ്മാർട്ട് കണ്ട്രോൾ എഫിഷൻസി (എസ് സി ഇ) എൻജിനാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്.
0.8 ലിറ്റർ 799 സിസി 3 സിലിണ്ടർ എൻജിൻ 54 പിഎസ് പവറിൽ 72 എൻഎം ടോർക്ക് ഉത്പാദിപ്പിക്കുന്പോൾ 1.0 ലിറ്റർ 999 സിസി 3 സിലിണ്ടർ എൻജിൻ 68 പിഎസ് പവറിൽ 91 എൻഎം ടോർക്ക് ഉത്പാദിപ്പിക്കുന്നു. ട്രാൻസ്മിഷൻ 5 സ്പീഡ് ഓട്ടോമാറ്റിക്, മാന്വൽ.
സുരക്ഷ
ഡ്രൈവർ സൈഡ് എയർബാഗ് മാത്രമാണ് ക്വിഡിന് നല്‍കിയിട്ടുള്ളത്. മുന്നിൽ ഡിസ്ക് ബ്രേക്കും പിന്നിൽ ഡ്രം ബ്രേക്കും നല്കിയിരിക്കുന്നു.
ടെസ്റ്റ് ഡ്രൈവ്
ടി.വി. സുന്ദരം അയ്യങ്കാർ
ആൻഡ് സൺസ്
തെള്ളകം, കോട്ടയം
മൊബൈൽ: 90610 59805
90610 67232
വില
0.8 ലിറ്റർ
2.79 - 4.1 ലക്ഷം രൂപ
1.0 ലിറ്റർ
4.28 - 4.58 ലക്ഷം രൂപ
1.0 ലിറ്റർ ക്ലൈംബർ
4.57-4.87 ലക്ഷം രൂപ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.