നികുതിലോകം /ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്റ്
ഇന്ത്യയിലെ മുതിർന്ന പൗരന്മാർക്ക് ആദായനികുതിയിൽ ചില ആനുകൂല്യങ്ങൾ നല്‍കുന്നുണ്ട്. 60 വയസിന് മുകളിലും 80 വയസിൽ താഴെയുമുള്ളവരെയാണ് മുതിർന്ന പൗരന്മാരായി കണക്കാക്കുന്നത്. 80 വയസിന് മുകളിലുള്ളവരെ സൂപ്പർ സീനിയർ സിറ്റിസണ്‍സ് ആയാണ് കണക്കാക്കുന്നത്.
സാധാരണ നികുതിദായകന് നികുതി കൊടുക്കേണ്ടാത്തതായ വരുമാനം നിലവിൽ രണ്ടര ലക്ഷം രൂപ ആയിരിക്കുന്നിടത്ത് സീനിയർ സിറ്റിസണ്‍ മൂന്നു ലക്ഷം രൂപയും സൂപ്പർ സീനിയർ സിറ്റിസണ്‍ അഞ്ചു ലക്ഷം രൂപയുമാണ്. അഞ്ചു ലക്ഷം രൂപ വരെ എല്ലാവർക്കും അഞ്ചു ശതമാനമാണ് നികുതി സ്ലാബ്. അതായത് 60 വയസ് മുതൽ 80 വയസുവരെയുള്ളവർക്ക് മൂന്നു ലക്ഷം രൂപ വരെ നികുതി ഇല്ലാതെ വരുന്പോൾ 2500 രൂപയുടെയും സൂപ്പർ സീനിയർ സിറ്റിസണ്‍സിന് അഞ്ചു ലക്ഷം രൂപ വരെ നികുതി ഇല്ലാതെ വരുന്പോൾ 12500 രൂപയുടെയും കുറവുകളാണ് നികുതിയിൽ ലഭിക്കുന്നത്. കൂടാതെ മുതിർന്ന പൗരന്മാർക്ക് ഒട്ടനവധി ആനുകൂല്യങ്ങളും നികുതി നിയമത്തിൽ നല്‍കിയിട്ടുണ്ട്.
ബാങ്കുകളിൽനിന്നും പോസ്റ്റ് ഓഫീസുകളിൽനിന്നും ലഭിക്കുന്ന പലിശ
മുതിർന്ന പൗരന്മാർക്ക് കോ-ഓപ്പറേറ്റീവ് ബാങ്കുൾപ്പടെയുള്ള ബാങ്കുകളിൽനിന്നും പോസ്റ്റ് ഓഫീസുകളിൽനിന്നും ലഭിക്കുന്ന പലിശയ്ക്ക് ആദായനികുതി നിയമം 80 ടിടിബി വകുപ്പനുസരിച്ച് 50,000 രൂപയുടെ വരെ ഇളവ് വരുമാനത്തിൽനിന്നും നല്‍കുന്നുണ്ട്. ഇതോടൊപ്പം 80 ടിടിഎ വകുപ്പനുസരിച്ച് സേവിംഗ്സ് അക്കൗണ്ടുകളിൽനിന്നും ലഭിക്കുന്ന പലിശയ്ക്കു മാത്രം അനുവദിച്ചിരുന്ന 10,000 രൂപയുടെ കിഴിവുകൂടി എടുക്കരുത്. ഉദാഹരണമായി ഒരു മുതിർന്ന പൗരന് ഒരു വർഷത്തിൽ സ്ഥിരനിക്ഷേപത്തിൽനിന്ന് 55,000 രൂപയും സേവിംഗ്സ് അക്കൗണ്ടിൽനിന്ന് 5,000 രൂപയും പലിശയായി ലഭിച്ചെന്ന് കരുതുക. ആദായനികുതി നിയമപ്രകാരം വരുമാനത്തിൽനിന്നും 50,000 രൂപയുടെ മാത്രം കിഴിവെടുത്തിട്ട് ബാക്കി വരുന്ന 10,000 രൂപ നികുതിക്കു വിധേയമാവുന്ന വരുമാനത്തിൽ കൂട്ടണം.
മെഡിക്കൽ ഇൻഷ്വറൻസ് പ്രീമിയം
സീനിയർ സിറ്റിസണ്‍സിന് അനുവദിച്ചിരുന്ന മെഡിക്കൽ ഇൻഷ്വറൻസ് പ്രീമിയത്തിന്റെ ഇളവ് 2018 മാർച്ച് 31 വരെ 30,000 രൂപ ആയിരുന്നത് 2018 ഏപ്രിൽ ഒന്നു മുതൽ 50,000 രൂപയായി വർധിപ്പിച്ചിട്ടുണ്ട്. മുതിർന്ന പൗരന്മാർ അല്ലാത്തവർക്ക് വരുമാനത്തിൽനിന്നു ലഭിക്കുന്ന കിഴിവ് 25,000 രൂപ മാത്രമാണ്. സ്വന്തമായി പോളിസി എടുത്താലും മാതാപിതാക്കൾക്കുവേണ്ടി എടുക്കുന്നതിനും വരുമാനത്തിൽനിന്നും ഇളവ് ലഭിക്കും. ഇവിടെ മാതാപിതാക്കൾ മക്കളുടെ ആശ്രിതരായിരിക്കണമെന്ന് ഒരു വ്യവസ്ഥയും ഇല്ല. നികുതിദായകനും മാതാപിതാക്കളും മുതിർന്ന പൗരന്മാർ ആണെങ്കിൽ ഇവർക്ക് മെഡിക്ലെയിം പോളിസികൾക്ക് പരമാവധി ഒരു ലക്ഷം രൂപവരെ വരുമാനത്തിൽനിന്നും ഇളവ് ലഭിക്കുന്നതാണ്. കൂടാതെ മെഡിക്കൽ പരിശോധനയ്ക്ക് 5,000 രൂപയുടെ ഇളവും ലഭിക്കുന്നതാണ്. ഇത് ആദായനികുതിനിയമം 80 ഡി വകുപ്പ് അനുസരിച്ചാണ്.
മുൻകൂർ നികുതി അടവിൽനിന്ന് ഇളവ്
മുതിർന്ന പൗരന്മാർക്ക് ബിസിനസിൽനിന്നും പ്രൊഫഷണിൽനിന്നും വരുമാനം ഇല്ലെങ്കിൽ അവർ മുൻകൂർ നികുതി അടയ്ക്കേണ്ടതില്ല. ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്ന സമയത്ത് നികുതി നിർണയിച്ച് അടച്ചാൽ മതി.
സ്രോതസിൽ നികുതിയിലും ഒഴിവ്
മുതിർന്ന പൗരന്റെ ആകെ വരുമാനം നികുതി വിധേയമല്ലെങ്കിൽ സ്ഥിരനിക്ഷേപങ്ങളിൽനിന്നും ലഭിക്കുന്ന പലിശയിൽനിന്നും സ്രോതസിൽ നികുതി പിടിക്കുന്നതിനുവേണ്ടി ഫോം നന്പർ 15 എച്ച് നല്കിയാൽ മതി. മുതിർന്ന പൗരന്മാർക്ക് എല്ലാ കിഴിവുകൾക്കും ശേഷം നികുതിക്കു വിധേയമായ വരുമാനം ഉണ്ടായില്ലെങ്കിലും ഈ ഫോം നല്‍കാവുന്നതാണ്. എന്നാൽ, മുതിർന്ന പൗരന്മാർ അല്ലാത്ത നികുതിദായകർക്ക് കിഴിവുകൾക്കുമുന്പ് നികുതിക്ക് വിധേയമായ വരുമാനം ഉണ്ടെങ്കിലാണ് ഫോം 15 ജി സമർപ്പിക്കേണ്ടത്. അതുപോലെതന്നെ മുതിർന്ന പൗരന്മാർക്ക് 50,000 രൂപ വരെയുള്ള പലിശയ്ക്ക് സ്രോതസിൽനിന്നും നികുതി 2018-19 സാന്പത്തികവർഷം മുതൽ നല്‍കേണ്ടതില്ല. മുതിർന്ന പൗരന്മാർ അല്ലാത്തവർക്ക് പ്രസ്തുത തുക 10,000 രൂപ ആയിരിക്കുന്നിടത്താണ് മുതിർന്നവർക്ക് 50,000 രൂപയായി നിജപ്പെടുത്തിയിരിക്കുന്നത്.
ചികിത്സാച്ചെലവുകളിലും ഇളവ്
പാർക്കിൻസണ്‍സ്, ഡിമെൻഷ്യ പോലുള്ള ചില പ്രത്യേക രോഗങ്ങൾക്ക് (റൂൾ 11 ഡിഡി (1) ൽ സൂചിപ്പിച്ചിരിക്കുന്ന രോഗങ്ങൾ) ചികിത്സയ്ക്കുവേണ്ടി ചെലവാക്കുന്ന തുകയിൽ 60 വയസ് മുതൽ 80 വയസുവരെയുള്ളവർക്ക് 60,000 രൂപയുടെയും 80 വയസിന് മുകളിലുള്ളവർക്ക് 80,000 രൂപ വരെയും ഉള്ള കിഴിവുകൾ നല്‍കിയിരിക്കുന്നത് 2018-19 സാന്പത്തികവർഷം മുതൽ എല്ലാ മുതിർന്ന പൗരന്മാർക്കും ഒരു ലക്ഷം രൂപ വരെയാക്കി വർധിപ്പിച്ചിട്ടുണ്ട്. ചികിത്സയ്ക്കുവേണ്ടി യഥാർഥത്തിൽ ചെലവായ തുകയാണ് കണക്കിലെടുക്കുന്നത്. ഇൻഷ്വറൻസ് പരിരക്ഷ ഉണ്ടെങ്കിൽ ലഭിക്കുന്ന തുക കിഴിച്ച് ബാക്കി തുകയ്ക്ക് മാത്രമേ വരുമാനത്തിൽനിന്നും കിഴിവ് ലഭിക്കൂ. നികുതിദായകനും ആശ്രിതർക്കും വേണ്ടി ചെലവാക്കുന്ന തുകയ്ക്ക് കിഴിവ് എടുക്കാവുന്നതാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.