റെയ്മണ്ട് ഗ്രൂപ്പ് ചെയർമാൻ ഗൗതം സിംഘാനിയ രാജിവയ്ക്കും
Saturday, January 12, 2019 12:16 AM IST
ന്യൂഡൽഹി: റെയ്മണ്ട് ഗ്രൂപ്പിന്റെ എല്ലാ കന്പനികളുടെയും ചെയർമാൻ സ്ഥാനത്തുനിന്ന് പിന്മാറുന്നുവെന്ന് ഗ്രൂപ്പ് പ്രൊമോട്ടറും മാനേജിംഗ് ഡയറക്ടറുമായ ഗൗതം സിംഘാനിയ. പ്രൊമോട്ടറുടെ സഹായമില്ലാതെ കമ്പനിക്ക് വളരാൻ കഴിയുന്ന സാഹചര്യത്തിൽ താൻ പിന്മാറുന്നതാണ് ഉചിതമെന്ന് അദ്ദേഹം പറഞ്ഞു.
അടുത്തിടെ ഗ്രൂപ്പിന്റെ എഫ്എംസിജി വിഭാഗം, ജെകെ ഹെലൻ കർട്ടിസ്, റെയ്മണ്ട് അപ്പാരെൽ, ജെകെ ഫയൽസ്, റിംഗ് പ്ലസ് അക്വാ തുടങ്ങിയ കന്പനികളുടെ ചെയർമാൻസ്ഥാനത്തുനിന്ന് ഗൗതം രാജിവച്ചിരുന്നു.
""ഞാൻ എത്രകാലം ചെയർമാനായി റെയ്മണ്ടിലുണ്ടാകുമെന്ന് എനിക്കറിയില്ല. പുറത്തുപറയാൻ ആഗ്രഹിക്കാത്ത ചില കാര്യങ്ങൾ എന്റെയുള്ളിലുണ്ട്. ഞാനിപ്പോൾ കമ്പനികളുടെ ചെയർമാനാണെന്നതിൽ വലിയ കാര്യമൊന്നുമില്ല''-അദ്ദേഹം ഒരു പത്രത്തിനു നല്കിയ അഭിമുഖത്തിൽ പറഞ്ഞു.
റെയ്മണ്ട് ഗ്രൂപ്പിനെ തന്റെ കുടുംബങ്ങളുടെ സ്വാധീനിമില്ലാത്ത ഒരു സ്വതന്ത്ര കമ്പനിയായി നിലനിർത്താനാണ് ഗൗതം സിംഘാനിയ ശ്രമിച്ചത്. താൻ ഇല്ലാതായാലും കന്പനി അതേ രീതിയിൽ മുന്നോട്ടുപോകണം. അതിനു കഴിവുള്ള നിരവധിപേർ കന്പനിയിലുണ്ട്. റെയ്മണ്ടിന് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള ശേഷിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സുതാര്യമായ പ്രവർത്തനങ്ങൾ റെയ്മണ്ട് ഗ്രൂപ്പിൽ ആവിഷ്കരിച്ച അന്പത്തിമൂന്നുകാരനായ ഗൗതം കന്പനിയുടെ വളർച്ചയ്ക്ക് പാതയൊരുക്കിയിട്ടുണ്ട്. എന്നാൽ, സമീപകാലത്ത് പിതാവുമായുള്ള പ്രശ്നങ്ങൾ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. മുൻ ചെയർമാനായ പിതാവ് വിജയ്പത് സിംഘാനിയ ഏതാനും വർഷങ്ങളായി ഗൗതവുമായി നിയമപോരാട്ടത്തിലാണ്. കമ്പനിയിലെ അവകാശം ഇഷ്ടദാനമായി നല്കിയത് തെറ്റായിപ്പോയെന്നാണ് വിജയ്പത് സിംഘാനിയ പറയുന്നത്. തന്നെ എല്ലാ സ്ഥാനങ്ങളിൽനിന്നും മകൻ പുറത്താക്കിയെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം.എന്നാൽ, പിതാവിന്റെ പക്കൽ കോടികളുണ്ടെന്നും താൻ എല്ലാം പിടിച്ചടക്കിയെന്നു പറയുന്നത് വെറുതെയാണെന്നും ഗൗതം പറഞ്ഞു.
അതേസമയം, വിജയ്പത് സിംഘാനിയയുടെ ആത്മകഥയായ അപൂർണ മനുഷ്യൻ (ദി ഇൻകംപ്ലീറ്റ് മാൻ) പുറത്തിറക്കരുതെന്നാവശ്യപ്പെട്ട് ഗൗതം സമർപ്പിച്ച ഇൻജംക്്ഷൻ പെറ്റീഷൻ മുംബൈ കോടതി ഏതാനും ദിവസങ്ങൾക്കു മുന്പ് തള്ളിയിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ റെയ്മണ്ട് ഗ്രൂപ്പിന്റെ ചെയർമാൻ എമരിറ്റസ് പദവിയിൽനിന്ന് വജയ്പത് സിംഘാനിയയെ പുറത്താക്കിയിരുന്നു.