റോയൽ കരീബിയൻ ആഡംബര കപ്പലുകൾ കൊച്ചിയിലേക്ക്
Tuesday, August 13, 2019 11:49 PM IST
കൊച്ചി: റോയൽ കരീബിയൻ ഇന്റർനാഷണലിന്റെ ആഡംബര കപ്പലുകൾ കൊച്ചിയിൽ എത്തുന്നു. 2019-20 സീസണിൽ, ആഡംബര കപ്പലുകൾ സിംഗപ്പൂരിലേക്കും മലേഷ്യയിലേക്കും തായ്ലൻഡിലേക്കും നടത്തുന്ന വിനോദ സമുദ്രയാത്ര കൂടുതൽ പേർക്ക് പരിചയപ്പെടുത്തുന്നതിനും സഞ്ചാരികളെ ആകർഷിക്കുന്നതിനുമായി കൊച്ചിയിൽ റോഡ് ഷോ നടത്തി. തിരുണ്സ് ക്രൂയിസ് അഖിലേന്ത്യാ തലത്തിൽ സംഘടിപ്പിക്കുന്ന റോഡ് ഷോയാണു കൊച്ചിയിലെ റാഡിസണ്‍ ബ്ലൂവിൽ നടന്നത്.
റോയൽ കരീബിയന്റെ വോയേജർ ഓഫ് ദ സീസ് ഒക്ടോബർ 21 മുതൽ നവംബർ 11 വരെയും, 2020 മേയ് എട്ടു മുതൽ ജൂണ്‍ 19 വരെയും സിംഗപ്പൂരിലേക്ക് സർവീസ് നടത്തും. ക്വാണ്ടം ഓഫ് ദ സീസ് 2019 നവംബർ 21 മുതൽ 2020 ഏപ്രിൽ 26 വരെയാണ് വിനോദ സമുദ്രസഞ്ചാരം നടത്തുക. വോയേജർ ക്ലാസിലെ മുൻനിര കപ്പലായ, വോയേജ് ഓഫ് ദ സീസ്, 9.7 കോടി ഡോളർ ചെലവഴിച്ചാണ് ഒരുക്കിയിരിക്കുന്നത്. വോയേജർ ഓഫ് ദ സീസിന്റെ സിംഗപ്പൂർ- മലേഷ്യ- തായ്ലൻഡ് സർവീസ് ഒക്ടോബർ 21ന് ആരംഭിക്കും. നവംബർ 11 വരെയാണ് ഈ യാത്ര. 2020 മേയ് എട്ടു മുതൽ ജൂണ്‍ 19 വരെയും മൂന്നു രാത്രിയും നാലു രാത്രിയും നീളുന്ന യാത്രകൾ ഉണ്ടാകും.
ലോകത്തെ ഏറ്റവും വലിയ കപ്പലുകളിലൊന്നാണു ക്വാണ്ടം ഓഫ് സീസ്. 18 ഡക്കുകൾ ഉള്ള ഈ കപ്പലിൽ 900 പേർക്കുള്ള താമസസൗകര്യമുണ്ട്. 2019 നവംബർ 21 മുതൽ 2020 ഏപ്രിൽ 26 വരെ ഈ കപ്പൽ മലേഷ്യയിലേക്കും തായ്ലൻഡിലേക്കും സർവീസ് നടത്തും. മലേഷ്യയിലേക്കോ ഫൂകേതിലേക്കോ നാലു രാത്രി യാത്രാ പാക്കേജ് ഉണ്ട്. ക്വാലാലംപൂരിലേക്ക് അഞ്ച് രാത്രി പാക്കേജും പെനാംഗ്, ഫൂകേത് എന്നിവിടങ്ങളിലേക്ക് ഏഴു രാത്രി പാക്കേജും ഉണ്ട്.
സമുദ്ര നിരപ്പിൽനിന്ന് 300 അടി ഉയരമുള്ള നിരീക്ഷണ യന്ത്രം, റോബോട്ടുകൾ നിയന്ത്രിക്കുന്ന ബയോണിക് ബാർ, സ്കൈ ഡൈവിംഗ്, 18 ഭക്ഷണ ശാലകൾ എന്നിവയൊക്കെയാണ് ഈ കപ്പലുകളിലെ മുഖ്യ ആകർഷണ ഘടകങ്ങൾ.