മഴക്കെടുതിയിൽ കെഎസ്എഫ്ഇയുടെ കൈത്താങ്ങ്
Wednesday, August 14, 2019 11:56 PM IST
തൃശൂർ: മഴക്കെടുതി ബാധിച്ച ജനങ്ങൾക്കു സഹായവുമായി കെഎസ്എഫ്ഇ ജീവനക്കാർ. കെഎസ്എഫ്ഇയിലെ ഏഴായിരത്തോളം വരുന്ന ജീവനക്കാർ ഒരു ദിവസത്തെ ശന്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനാണ് തയാറായത്. ഇത് 1.21 കോടി രൂപ വരുമെന്നു കെഎസ്എഫ്ഇ ചെയർമാൻ അഡ്വ. പീലിപ്പോസ് തോമസും മാനേജിംഗ് ഡയറക്ടർ എ. പുരുഷോത്തമനും അറിയിച്ചു.
അതോടൊപ്പം തന്നെ കെടുതി മുൻനിർത്തി കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലേയും ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലേയും പ്രശ്നബാധിതർക്ക് ഈ മാസത്തെ ചിട്ടിത്തവണ സംഖ്യ അടയ്ക്കാനുള്ള തീയതി 31 വരെ നീട്ടി. ഡിവിഡന്റ് ആനുകൂല്യത്തോടുകൂടി ആ ദിവസം വരെ ഓഗസ്റ്റ് മാസത്തിലെ ചിട്ടികൾ അടയ്ക്കാം. പിഴപ്പലിശയും ഒഴിവാക്കിക്കൊടുത്തിട്ടുണ്ട്.