ഇന്ത്യക്കാരുള്ള പരസ്യങ്ങൾക്ക് പാക്കിസ്ഥാനിൽ വിലക്ക്
Friday, August 16, 2019 11:42 PM IST
ഇസ്ലാമാബാദ്: ഇന്ത്യൻ താരങ്ങൾ അഭിനയിച്ച പരസ്യങ്ങൾ പാക്കിസ്ഥാൻ നിരോധിച്ചു. ജമ്മു-കാഷ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ഇന്ത്യൻ സർക്കാരിനോടുള്ള പ്രതിഷേധസൂചകമായാണ് ഇന്ത്യൻ താരങ്ങൾ അഭിനിയിച്ച പരസ്യങ്ങൾക്ക് പാക്കിസ്ഥാൻ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അഥോറിറ്റി (പെമ്ര) വിലക്കേർപ്പെടുത്തിയത്.
കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇന്ത്യൻ ചാനലുകൾ പ്രക്ഷേപണം ചെയ്യാനുള്ള അനുമതി പെമ്ര പിൻവലിച്ചിരുന്നു. പാക്കിസ്ഥാൻ സുപ്രീംകോടതിയുടെ നിർദേശപ്രകാരമായിരുന്നു ആ നീക്കം.
ഡെറ്റോൾ സോപ്, സർഫ് എക്സൽ പൗഡർ, പാന്റീൻ ഷാംപൂ, ഹെഡ് ആൻഡ് ഷോൾഡേഴ്സ് ഷാംപൂ, ലൈഫ്ബോയ് ഷാംപൂ, ഫോഗ് ബോഡി സ്പ്രേ, സൺസിൽക്ക് ഷാംപൂ, നോർ നൂഡിൽസ്, ഫെയർ ആൻഡ് ലവ്ലി ഫേസ്വാഷ്, സേഫ്ഗ്വാർഡ് സോപ് എന്നിവയുടെ പരസ്യങ്ങളാണ് നിരോധിച്ചത്. ഇന്ത്യൻ താരങ്ങളെ മാറ്റി പരസ്യങ്ങൾ പാക്കിസ്ഥാനിൽ പ്രദർശിപ്പിക്കാം എന്നും പെമ്ര അറിയിച്ചിട്ടുണ്ട്.