വിനോദ സഞ്ചാരികളുടെ വരവനുസരിച്ച് ഇ-ടൂറിസ്റ്റ് വീസ ഫീസ് നിശ്ചയിക്കും
Tuesday, August 20, 2019 11:06 PM IST
ന്യൂഡൽഹി: 160 രാജ്യങ്ങളിൽനിന്നുള്ള വിനോദസഞ്ചാരികളുടെ വരവ് അനുസരിച്ച് ഇ-ടൂറിസ്റ്റ് വീസ ഫീസ് നിശ്ചയിക്കും. ജൂലൈ മുതൽ മാർച്ച് വരെയുള്ള സീസണിൽ ഉയർന്ന ഫീസും ഏപ്രിൽ മുതൽ ജൂൺ വരെ കുറഞ്ഞ ഫീസും ഇടാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. 30 ദിവസം മുതൽ അഞ്ചു വർഷത്തേക്കുള്ള ഇ-വീസയുടെ ഫീസ് പത്തു ഡോളർ മുതൽ 80 ഡോളർ വരെയാണ്.
ഇന്ത്യ-പസഫിക് ഐലൻഡ് കോർപറേഷൻ (എഫ്ഐപിഐസി) രാജ്യങ്ങൾക്ക് വീസ ഫീസ് ഉണ്ടായിരിക്കുകയില്ല. ഫിജി, കൂക്ക് ഐലൻഡ്, കിരിബാതി, മാർഷൽ ഐലൻഡ്്, മൈക്രോനേഷ്യ, നൗറു, നിയു ഐലൻഡ്, പലാവു, പപ്പുവ ന്യൂഗിനി, സമോവ, സോളമൻ ഐലൻഡ്, ടോങ്ക, തുവാലു, വനുത എന്നിവയാണ് എഫ്ഐപിഐസി രാജ്യങ്ങൾ. കൂടാതെ മ്യാൻമർ, അർജന്റീന, ഇന്തോനേഷ്യ, ജമൈക്ക, മൗറീഷ്യസ്, സീഷെൽസ്, സൗത്ത് ആഫ്രിക്ക, ഉറുഗ്വെ എന്നീ രാജ്യങ്ങളിൽനിന്നുള്ളവർക്കും വീസ ഫീസ് ഇല്ല.
ഇ-വീസ നേടുന്നവർ 30 ദിവസത്തെ ടൂറിസ്റ്റ് വീസയ്ക്ക് സീസണിൽ 25 ഡോളറും ഓഫ് സീസണിൽ 10 ഡോളറും ഫീസായി നൽകണം. ഒരു വർഷത്തേക്ക് 40 ഡോളറും അഞ്ചുവർഷത്തേക്ക് 80 ഡോളറും നൽകണം. ജപ്പാൻ, സിങ്കപ്പൂർ, ശ്രീലങ്ക പൗരൻമാർക്ക് ഒരു വർഷം മുതൽ അഞ്ചു വർഷം വരെ ഇ-വീസ എടുക്കുന്നതിന് 25 ഡോളറാണ് ഫീസ്. ആഭ്യന്തരമന്ത്രാലയവും വിദേശകാര്യമന്ത്രാലയവും പദ്ധതിക്ക് അംഗീകാരം നൽകി.