പ്രളയത്തിൽ കാർ തകരാറിലായി: ഉടമയ്ക്ക് ഇൻഷ്വറൻസ് ആനുകൂല്യം നല്കാൻ വിധി
Tuesday, September 10, 2019 11:33 PM IST
മൂവാറ്റുപുഴ: പ്രളയത്തിൽ തകരാറിലായ കാറിന്റെ ഉടമയ്ക്ക് ഇൻഷ്വറൻസ് പോളിസി ആനുകൂല്യം നല്കാൻ ഓറിയന്റൽ ഇൻഷ്വറൻസ് കന്പനിയോട് നിർദേശിച്ച് എറണാകുളം സ്ഥിരം ലോക് അദാലത്ത് ഉത്തരവായി. നെല്ലിക്കുഴി കുഴിപ്പനത്ത് ബിനോയ് ടോം ജോസ് മുഖേന സമർപ്പിച്ച ഹർജിയിലാണ് എസ്. ജഗദീശ് ചെയർമാനും സി.പി. രാധാകൃഷ്ണൻ അംഗവുമായ അദാലത്തിന്റെ ഉത്തരവ്.
വെള്ളത്തിൽ മുങ്ങിക്കിടന്നിരുന്ന പാലത്തിലൂടെ പോകുന്പോൾ വാഹനം പ്രവർത്തന രഹിതമാകുകയായിരുന്നു. എന്നാൽ വെള്ളത്തിൽ മുങ്ങിയതിനെ തുടർന്ന് സ്റ്റാർട്ട് ചെയ്യാൻ ശ്രമിച്ചതിനാലാണ് എൻജിൻ തകരാർ ഉണ്ടായതെന്നും അതിനാൽ എൻജിനിലെ വെള്ളം ഊറ്റിക്കളയുന്നതിനുള്ള ചെലവ് മാത്രമേ നല്കാൻ സാധിക്കൂ എന്നുമുള്ള ഇൻഷ്വറൻസ് കന്പനിയുടെ വാദം അദാലത്ത് തള്ളുകയായിരുന്നു.
എതിർദിശയിൽ നിന്നു വന്ന കെഎസ്ആർടിസി ബസ് വെള്ളം തള്ളിയതിനെ തുടർന്നാണ് വെള്ളം എൻജിനിൽ പ്രവേശിച്ച് തകരാർ ഉണ്ടായതെന്ന വിദഗ്ധാഭിപ്രായം അദാലത്ത് ശരിവച്ചു. തകരാർ മാറ്റുന്നതിനു ചെലവായ 75,492 രൂപയും കോടതി ചെലവും നല്കാനാണ് ഉത്തരവ്.