ആർസിഇപി: ഇന്ത്യയുടെ ആവശ്യങ്ങൾ തള്ളി
Friday, October 11, 2019 11:54 PM IST
ബാങ്കോക്ക്: ആർസിഇപി കരാറിനായുള്ള ചർച്ച അന്ത്യഘട്ടത്തിൽ എത്തിയപ്പോൾ ഇന്ത്യയുടെ മുഖ്യ ആവശ്യങ്ങൾ അംഗീകരിക്കപ്പെടുകയില്ലെന്നു വ്യക്തമായി. ഇന്ത്യൻ പ്രഫഷണലുകൾക്ക് മറ്റു രാജ്യങ്ങളിൽ അവസരം ഉറപ്പാക്കുന്നതിലും ഇറക്കുമതിക്കു നിയന്ത്രണം വരുത്താവുന്ന ഇനങ്ങളുടെ എണ്ണം കൂട്ടുന്നതിലുമാണ് ഇന്ത്യക്കു തിരിച്ചടി. ഇന്നു വാണിജ്യമന്ത്രി പിയൂഷ് ഗോയൽ മറ്റു മന്ത്രിമാരുമായി ഇക്കാര്യം വീണ്ടും ചർച്ചചെയ്യും.
പതിനാറു രാജ്യങ്ങൾ ഉൾപ്പെട്ട റീജണൽ കോംപ്രിഹെൻസീവ് ഇക്കണോമിക് പാർട്ണർഷിപ് (ആർസിഇപി) എന്ന വാണിജ്യ സഖ്യത്തിൽ ചേർന്നാൽ ഇന്ത്യൻ പ്രഫഷണലുകൾക്കു നേട്ടമുണ്ടാകുമെന്നു നേരത്തേ പറഞ്ഞിരുന്നു. എന്നാൽ സിംഗപ്പൂരും ജപ്പാനുമടക്കം ഒരു രാജ്യവും ഇന്ത്യൻ പ്രഫഷണലുകൾ അവിടെ പ്രാക്ടീസ് ചെയ്യുന്നതിനെ അനുകൂലിക്കുന്നില്ല.
ഇറക്കുമതി പ്രളയം തടയാൻ വേണ്ട ക്രമീകരണം 68 ഇനം സാധനങ്ങൾക്കേ പറ്റൂ എന്നാണു മറ്റു രാജ്യങ്ങളുടെ നിലപാട്. പതിനായിരത്തിലേറെ ഉത്പന്നങ്ങൾ ഉള്ളതിൽ ഇത്ര കുറച്ചേ നിയന്ത്രിക്കാനാവൂ എന്നു വരുന്നതു വലിയ തിരിച്ചടിയാണ്. ഉത്പന്ന സംഖ്യ കൂട്ടാൻ ചൈന സമ്മതിക്കുന്നില്ല.
എന്തായാലും കരാറിൽ ഒപ്പിടാനാണ് ഇന്ത്യയുടെ നീക്കം. വിട്ടുനിന്നാൽ ഇന്ത്യ ലോക വാണിജ്യത്തിൽ ഒറ്റപ്പെട്ടു പോകുമെന്നു പറഞ്ഞാണു വാണിജ്യമന്ത്രി ഗോയൽ ബാങ്കോക്കിലേക്കു പുറപ്പെട്ടത്.
ഇന്നു ബാങ്കോക്ക് ചർച്ച സമാപിക്കും. നവംബർ നാലിന് ആർസിഇപി ഉച്ചകോടി ചേരാനാണ് ഉദ്ദേശിക്കുന്നത്. അതിൽ കരാർ അംഗീകരിച്ചതായി പ്രഖ്യാപിച്ചേക്കും.