കയറ്റുമതിയിലും ഇറക്കുമതിയിലും ഇടിവ് തുടരുന്നു
Tuesday, October 15, 2019 11:26 PM IST
ന്യൂഡൽഹി: കയറ്റുമതിയിലും ഇറക്കുമതിയിലും ഗണ്യമായ ഇടിവ് വന്നതോടെ സെപ്റ്റംബറിൽ ഇന്ത്യയുടെ വാണിജ്യകമ്മി കുറഞ്ഞു.
കയറ്റുമതിയിൽ 6.57 ശതമാനം കുറവ് വന്നപ്പോൾ ഇറക്കുമതിയിൽ 13.85 ശതമാനം ഇടിവുണ്ടായി. ക്രൂഡ് ഓയിൽ വില കുറഞ്ഞു നിൽക്കുന്നതും സ്വർണ ഇറക്കുമതി കുറഞ്ഞതുമാണ് ഇറക്കുമതി കുറയാൻ ഒരു കാരണം. കയറ്റുമതി ഡിമാൻഡ് കുറഞ്ഞതിനാൽ അതിനുവേണ്ട സാമഗ്രികളുടെ ഇറക്കുമതിയും കുറഞ്ഞിട്ടുണ്ട്.
സെപ്റ്റംബറിലെ കയറ്റുമതി 2787 കോടി ഡോളറിൽനിന്ന് 2603 കോടി ഡോളറായാണു കുറഞ്ഞത്. പ്രധാനപ്പെട്ട 30 കയറ്റുമതി ഇനങ്ങളിൽ 22-ലും ഇടിവാണുണ്ടായത്. പെട്രോളിയം ഉത്പന്നങ്ങൾ, എൻജിനിയറിംഗ് സാമഗ്രികൾ, തുകൽ ഉത്പന്നങ്ങൾ, രത്നങ്ങളും ആഭരണങ്ങളും, രാസവസ്തുക്കൾ തുടങ്ങിയവയുടെ കയറ്റുമതിയിൽ ഗണ്യമായ കുറവുണ്ടായി. ഇലക്ട്രോണിക് സാധനങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, സിറാമിക് സാധനങ്ങൾ, ഔഷധങ്ങൾ എന്നിവയുടെ കയറ്റുമതി വർധിച്ചു.
ഇറക്കുമതി 4282 കോടി ഡോളറിൽനിന്ന് 3689 കോടി ഡോളറായി താണു. കൽക്കരി ക്രൂഡ് ഓയിൽ, രത്നങ്ങൾ തുടങ്ങിയവയുടെ ഇറക്കുമതിയിൽ ഗണ്യമായ കുറവുണ്ടായി.
ഏപ്രിൽ - സെപ്റ്റംബർ ആറുമാസക്കാലത്ത് കയറ്റുമതി 2.39 ശതമാനം കുറഞ്ഞ് 15,957 കോടി ഡോളറായി. ഇറക്കുമതി 7.01 ശതമാനം കുറഞ്ഞ് 24,328 കോടി ഡോളറിലെത്തി. വാണിജ്യകമ്മി 8370 കോടി ഡോളർ. ഇതു തലേ വർഷത്തേക്കാൾ 1500 കോടി ഡോളർ കുറവാണ്.