പെട്രോളിയം ഉത്പന്ന ഉപയോഗം താണു
Wednesday, October 16, 2019 11:33 PM IST
ന്യൂഡൽഹി: രാജ്യത്തെ സാന്പത്തികമുരടിപ്പിനു തെളിവായി പെട്രോളിയം ഉത്പന്ന ഉപയോഗം. സെപ്റ്റംബറിലെ ഇന്ധന ഉപയോഗം 2017 ജൂലൈക്കു ശേഷമുള്ള ഏറ്റവും കുറഞ്ഞ അളവിലായി.
സെപ്റ്റംബറിൽ 160.1 ലക്ഷം ടൺ പെട്രോളിയം ഉത്പന്നങ്ങളാണു രാജ്യത്ത് ഉപയോഗിച്ചത്. കഴിഞ്ഞവർഷം സെപ്റ്റംബറിൽ 160.6 ലക്ഷം ടൺ ഉപയോഗിച്ചിരുന്നു. പെട്രോളിയം പ്ലാനിംഗ് ആൻഡ് അനാലിസിസ് സെൽ (പിപിഎസി) പുറത്തുവിട്ടതാണു കണക്ക്.
പെട്രോളിന്റെയും പാചകവാതകത്തിന്റെയും ഉപയോഗം വർധിച്ചെങ്കിലും ഡീസൽ, നാഫ്ത, ബിറ്റുമിൻ, ഫ്യുവൽ ഓയിൽ തുടങ്ങിയവയുടെ ഉപയോഗം കുറഞ്ഞു.ഡീസൽ ഉപയോഗം 3.2 ശതമാനം കുറഞ്ഞ് 58 ലക്ഷം ടൺ ആയി. നാഫ്ത ഉപയോഗം നാലിലൊന്നു കുറഞ്ഞ് 8.44 ലക്ഷം ടണ്ണിലെത്തി. റോഡ് നിർമാണത്തിനുവേണ്ട ബിറ്റുമിൻ (ടാർ) ഉപയോഗം 7.3 ശതമാനം കുറഞ്ഞ് 3.43 ലക്ഷം ടൺ ആയി.പെട്രോൾ വില്പന 6.2 ശതമാനം കുടി 23.7 ലക്ഷം ടൺ ആയി. വിമാനം ഇന്ധന (എടിഎഫ്)ത്തിന്റെ വില്പന 1.6 ശതമാനം കുറഞ്ഞ് 6.66 ലക്ഷം ടൺ ആയി.