ഇന്ത്യ-യുഎസ് വാണിജ്യതർക്കം ഒത്തുതീരുന്നു
Monday, October 21, 2019 10:46 PM IST
ന്യൂഡൽഹി: ഇന്ത്യ-അമേരിക്ക വാണിജ്യതർക്കം ഒത്തുതീർപ്പിലേക്ക്. ഏതാനും ദിവസങ്ങൾക്കുള്ളിൽ കരാർ ഉണ്ടാകുമെന്നു വാണിജ്യമന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു.
വാണിജ്യചർച്ചകൾക്കുള്ള അമേരിക്കൻ പ്രതിനിധി റോബർട്ട് ലൈതൈസറുടെ തിരക്ക് മൂലമാണു ധാരണ പ്രഖ്യാപിക്കാത്തതെന്ന് യുഎസ് - ഇന്ത്യ സ്ട്രാറ്റജിക് പാർട്നർഷിപ്പ് ഫോറത്തിൽ ഗോയൽ പറഞ്ഞു.
ഇന്ത്യക്കനുവദിച്ചിരുന്ന ജിഎസ്പി (ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറൻസ്) അമേരിക്ക പിൻവലിച്ചിരുന്നു. തുടർന്ന് ഇന്ത്യ അമേരിക്കൻ ഉത്പന്നങ്ങൾക്കു ചുങ്കം കൂട്ടി.
ചില പ്രത്യേക ഇനങ്ങൾക്കുള്ള ഇറക്കുമതി തീരുവ കുറയ്ക്കാൻ ഇന്ത്യ തയാറാകണമെന്നതായിരുന്നു യുഎസ് നിബന്ധന. ബൂർബൺ വിസ്കി, കോഴിയിറച്ചി, ആപ്പിൾ, വാൽനട്ട് തുടങ്ങിയ ഇനങ്ങളുടെ തീരുവ കുറയ്ക്കാൻ ഇന്ത്യ തയാറായതോടെയാണു ധാരണ സാധ്യമായത്. ഇന്ത്യൻ ഉത്പന്നങ്ങൾക്കുള്ള തീരുവ ഇളവ് പുനഃസ്ഥാപിക്കാൻ അമേരിക്കയും തയാറായിട്ടുണ്ട്.